അഭിനേത്രിയെന്ന നിലയിലും ഗായികയെന്ന നിലയിലും ഇന്ത്യയൊട്ടാകെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ശ്രുതി ഹാസൻ. സിനിമയ്ക്കുപുറത്തും ശ്രുതിയുടെ സംസാരവും പെരുമാറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രവർത്തിച്ച തന്റെ അനുഭവങ്ങളെക്കുറിച്ചും ബോളിവുഡ് നൽകിയ തിരിച്ചറിവുകളെക്കുറിച്ചും ശ്രുതി മനസുതുറന്നു.
തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിലെ വിനയം, ബോളിവുഡുമായുള്ള സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയെ ക്കുറിച്ചുള്ള ശ്രുതിയുടെ വാക്കുകൾ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. ബോളിവുഡിനെ അപേക്ഷിച്ച് സൗത്ത് ഇന്ത്യൻ താരങ്ങൾ കൂടുതൽ വിനയമുള്ളവരാണെന്നു ശ്രുതി പറഞ്ഞു.
ഒരുപാടു പണമുള്ള പലരും ആർഭാടമായി വസ്ത്രം ധരിക്കില്ല. അവർ വർഷങ്ങളോളം പഴയ അംബാസഡർ കാർ തന്നെ ഉപയോഗിക്കും. അത് ദക്ഷിണേന്ത്യയുടെ മനഃശാസ്ത്രമാണ്. നമ്മൾ കലയുടെ വെറും വാഹകർ മാത്രമാണെന്നു തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അഹങ്കരിച്ചാൽ സരസ്വതീദേവി അനുഗ്രഹം പിൻവലിക്കും എന്നു ഭയക്കുന്നതിനാലാണ് സൗത്ത് താരങ്ങൾ കൂടുതൽ വിനയമുള്ളവരാകുന്നത്- ശ്രുതി പറഞ്ഞു.
വിശ്വാസിയല്ലാത്ത പിതാവിനൊപ്പം വളർന്നതിനാൽ ആ സാഹചര്യത്തിൽ സാംസ്കാരിക വിശ്വാസങ്ങളിൽ ഞാനും ആദ്യം ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ രാവിലെ തേങ്ങ ഉടയ്ക്കുന്നത്, അല്ലെങ്കിൽ ഒരു മൂലയിൽ ഒരു ദൈവത്തിന്റെ ഫോട്ടോ വയ്ക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.
തെന്നിന്ത്യൻ സിനിമ സെറ്റുകളിൽ എങ്ങനെ പെരുമാറണമെന്നത് അഭിനേതാക്കൾക്കും അവരുടെ സ്റ്റാഫുകൾക്കും ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദി സിനിമയിൽ പ്രവർത്തിച്ചതിനെ അപേക്ഷിച്ച് സൗത്ത് ഇൻഡസ്ട്രിയിൽ സാമൂഹിക അവബോധം കൂടുതലാണെന്ന് മനസിലായി- ശ്രുതി കൂട്ടിച്ചേർത്തു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത്, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവർ അഭിനയിച്ച കൂലിയെന്ന ചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിലെ ശ്രുതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണു ലഭിച്ചത്. ചിത്രം ആറ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 200 കോടിയിലധികം രൂപ കളക്ഷൻ നേടി മുന്നേറുകയാണ്.