കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം രാജ്യം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്നും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിദേശ വിപണി. മൊത്തം കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു. അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും ഡോളർ വരുമാനത്തിൽ 69.46 ശതമാനവും ചെമ്മീൻ കയറ്റുമതിയിലൂടെയാണു ലഭിച്ചത്. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച മറ്റു മത്സ്യങ്ങളാണ്.
ഈയിനത്തിൽ 5,212.12 കോടി രൂപയുടെ വരുമാനം ലഭിച്ചു. മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവ 3078.01 കോടി രൂപയുടെ വരുമാനം നേടിത്തന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. വനാമി, ബ്ലാക്ക് ടൈഗർ, സ്കാംപി ഇനങ്ങളുടെ കയറ്റുമതിയിലും വർധനവുണ്ടായി. 2,52,948 ടൺ ഉണങ്ങിയ സമുദ്രോത്പന്ന ഇനങ്ങളുടെ കയറ്റുമതിയിലൂടെ 2852.60 കോടി രൂപയുടെ (340.75 മില്യൺ യുഎസ് ഡോളർ) വരുമാനം ലഭിച്ചതായി എംപിഇഡിഎ ചെയർമാൻ ഡി.വി. സ്വാമി അറിയിച്ചു. വിശാഖപട്ടണം (31.52 ശതമാനം), നവി മുംബൈ (10.81) തുറമുഖങ്ങളിലൂടെയാണു രാജ്യത്ത് ഏറ്റവുമധികം സമുദ്രോത്പന്ന കയറ്റുമതി നടക്കുന്നത്. കൊച്ചി മൂന്നാം സ്ഥാനത്തുണ്ട്.
സ്വന്തം ലേഖകൻ