കോഴിക്കോട്: മലബാറില്‍ അമീബിക് മസ്തിഷ്കജ്വരം പടരുന്നു. ഏറ്റവുമൊടുവില്‍ വയനാട് സ്വദേശിയായ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് തരുവണ സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ബത്തേരി സ്വദേശിയായ മറ്റൊരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള മൂന്നു പേര് വീതവും വയനാട് സ്വദേശികളായ രണ്ടുപേരുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. വയനാട് സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് താമരശേരിയില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച ഒമ്പതു വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചുവെന്നാണ് നിഗമനം. ഏഴു വയസുകാരനായ സഹോദരന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49 കാരന്, മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരി, കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നു മാസം പ്രായമുള്ള കുഞ്ഞ്, കോഴിക്കോട് അന്നശേരി സ്വദേശിയായ 38 കാരന്, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47 കാരന്, വയനാട് ബത്തേരി സ്വദേശിയായ 45 കാരന് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.
രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും ഉണ്ടാകുന്ന അപൂര്‍വ രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നതിനിടെ, മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെ വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.