കോട്ടയം: ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി ചുമത്താന്‍ നീക്കം തുടങ്ങിയതോടെ ലോട്ടറി മേഖല ആശങ്കയില്‍. ജിഎസ്ടി ഘടന പരിഷ്ക്കരിച്ച് അഞ്ചു ശതമാനം, 16 ശതമാനം, 40 ശതമാനം സ്ലാബാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ചുവടുപിടിച്ചാണ് കേരളസര്‍ക്കാരും ഏറ്റവും ഉയര്‍ന്ന നികുതിയായ 40 ശതമാനമാക്കുവാന്‍ ശ്രമിക്കുന്നത്.
സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 15,000 കോടി വരുമാനവും 5,000 കോടി ലാഭവും ലഭിക്കുന്ന സംസ്ഥാനത്തെ വലിയ സാമ്പത്തിക തൊഴില്‍ മേഖലയായ ലോട്ടറി മേഖല പുതിയ പരിഷ്കാരത്തിലൂടെ തകരുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ചു ശതമാനമായിരുന്ന ലോട്ടറിയുടെ നികുതി 18ശതമാനമായും ടിക്കറ്റിന്റെ വില 30 ല്‍നിന്ന് 40 ആയും 40 ല്‍ നിന്ന് 50 ആയും വര്‍ധിപ്പിച്ചതും സമ്മാനങ്ങളില്‍ കുറവ് ഉണ്ടായതും വില്‍പ്പനയെ ബാധിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഒത്താശയോടെ ലോട്ടറി നിരോധിത സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റുകൾ കടത്തി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ലോട്ടറി മാഫിയകള്‍ക്ക് അവസരം ഉണ്ടാക്കിയാണ് ലോട്ടറി വകുപ്പ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതെന്നാണ് വ്യാപക ആക്ഷേപം.1967 ല്‍ ലോട്ടറി ആരംഭിക്കുമ്പോഴും 2009 ല്‍ ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നിരോധനം 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്‍വലിക്കുമ്പോഴും നിയമസഭക്കയ്കത്തും പുറത്തും സര്‍ക്കാര്‍ പറഞ്ഞിരുന്നത് മറ്റ് തൊഴില്‍ ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാരുടെയും രോഗബാധിതരുടെയും തൊഴില്‍ വരുമാന മാര്‍ഗമായാണ് സംസ്ഥാന ലോട്ടറി നടപ്പാക്കുന്നതെന്നാണ്.
ഇപ്പോള്‍, വിലവര്‍ധനവും സമ്മാനക്കുറവും മൂലം 250 ടിക്കറ്റുകള്‍ ശരാശരി വിറ്റിരുന്നവര്‍ക്ക് അന്‍പതോളം ടിക്കറ്റുകളാണ് വില്ക്കാന് കഴിയുന്നത്. മുന്‍കൂര്‍ പണം കൊടുത്ത് വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റഴിയാതെ വില്പ്പനത്തൊഴിലാളികള് തൊഴില്‍ ഉപേക്ഷിക്കുകയോ കടക്കെണിയില്‍ ആകുകയോ ചെയ്യുന്ന സ്ഥിതിയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ദിവസേന ഒരു കോടി എട്ടു ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുമെങ്കിലും കേരളത്തില്‍ അതിന്റെ 60 ശതമാനം വില്‍പ്പന മാത്രമാണ് നടക്കുന്നത്.
ജിഎസ് ടിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്നതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് സംസ്ഥാനവും കൂട്ടുനില്‍ക്കുന്നത്. പുതിയ പരിഷ്കാരത്തിലൂടെ സംസ്ഥാനത്തെ മൂന്ന് ലക്ഷം ലോട്ടറി വില്പ്പനത്തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്നും ലോട്ടറിയുടെ ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ച് ഈ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഉടന്‍ നിവേദനം നല്‍കും.
അനശ്ചിതകാല സമരം ആരംഭിക്കും: ഫിലിപ്പ് ജോസഫ്
കേരള ലോട്ടറിയുടെ ഇപ്പോഴുള്ള 28 ശതമാനം ജിഎസ്ടി 40 ശതമാനമാക്കുവാന്‍ അധികൃതര്‍ നടത്തുന്ന നീക്കം ലോട്ടറി മേഖലയെ പൂര്‍ണമായും തകര്‍ക്കും. ഇപ്പോള്‍ ഈ മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല വില്‍പ്പനക്കാരും കച്ചവടം കുറഞ്ഞതിനാല്‍ ഈ മേഖല വിട്ടുപോകുകയാണ്. പാവങ്ങളില്‍ പാവങ്ങളായ ലോട്ടറിത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം തകര്‍ക്കുന്ന നീക്കത്തിനെതിരേ ലോട്ടറി ബന്ദ് ഉള്‍പ്പെടെ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് കേരള ലോട്ടറി ഏജന്‍സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.