പത്തനംതിട്ട: ആരോപണ വിധേയനായി പാര്‍ട്ടി നടപടിക്കു വിധേയനാകേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് സൈബറിടങ്ങള്‍. രാഹുലിനെ പിന്തുണച്ച് ധീരനായ പോരാളിയെന്നു വിശേഷിപ്പിച്ച് അണികള്‍ ഇന്നലെ മുതല്‍ സൈബറിടങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. ശക്തമായ ഒരു തിരിച്ചുവരവ് രാഹുലിനുണ്ടാകുമെന്നതില് തര്‍ക്കമില്ലെന്ന പ്രചാരണത്തോടെയാണ് സൈബറിടങ്ങള്‍ പിന്തുണ അര്‍പ്പിക്കുന്നത്. രാഹുല്‍ ബ്രിഗേഡ് എന്നറിയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സൈബറിടങ്ങളെ സജീവമാക്കിയിരിക്കുന്നത്.
സമാന ആരോപണങ്ങള്‍ നേരിടുന്നവരില്‍ പലരുമാണ് രാഹുലിനെതിരേ നടപടി ആവശ്യവുമായി കടന്നുവന്നതെന്ന് സൈബറിടങ്ങളിലെ പ്രധാന പ്രചാരണമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും കോണ്‍ഗ്രസ് വേദികളില്‍ ശക്തമായ വാക്കുകളുമെല്ലാം പ്രചരിപ്പിച്ച് അനുയായികള്‍ നേതാവിനു പിന്തുണ അര്‍പ്പിക്കുന്നുണ്ട്. തങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറുമെന്നു കരുതുന്ന വിഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍ക്കു പിന്നിലെന്ന ആരോപണവും കാണാനുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ക്ക് പിന്തുണയുമേറുന്നുണ്ട്. ആരോപണങ്ങള്‍ക്കു പിന്നിലെ ദുരൂഹതയാണ് ഇവരൊക്കെ ചൂണ്ടിക്കാണിക്കുന്നത്.
വീടിനു പുറത്തേക്കു വരാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഒരു ദിവസം പിന്നിട്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ രാഹുല്‍ മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നു. രണ്ടുതവണ ഇതിനായി മാധ്യമ പ്രവര്‍ത്തകര്‍ രാഹുലിന്റെ വീടിനു മുന്നിലെത്തി. എന്നാല്‍ സമയമായപ്പോള്‍ പ്രതികരണം ഉപേക്ഷിച്ചു.
തനിക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ രാഹുല്‍ കെപിസിസി പ്രസിഡന്റിനോട് അനുമതി തേടിയിരുന്നു. നടപടിക്കുശേഷം ആകാമെന്ന് മറുപടി വന്നെങ്കിലും പ്രതികരിച്ച് കുളമാക്കേണ്ട എന്ന സമീപനമാണ് പിന്നീടു നേതാക്കളില്‍ നിന്നുണ്ടായത്. എന്നാല്‍ അധികം വൈകാതെ രാഹുലിന്റെ പ്രതികരണമുണ്ടാകുമെന്ന് അനുയായികള്‍ പറയുന്നത്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പലരും രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാന്‍ വീട്ടിലെത്തുന്നുണ്ട്. അടൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പഴകുളം ശിവദാസനും തോപ്പില്‍ ഗോപകുമാറും മാത്രമാണ് കഴിഞ്ഞദിവസങ്ങളില്‍ രാഹുലിനെ കണ്ടത്.