പ്രേമത്തിനുശേഷം കഴിഞ്ഞ 10 വർഷമായി കാത്തിരിക്കുന്ന ശക്തമായ വേഷമാണു തെലുങ്ക്- മലയാളം ചിത്രം പർദയിലേതെന്ന് മലയാളിയായ തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന്. പർദയ്ക്കുള്ളിൽ മറയ്ക്കപ്പെട്ട സ്ത്രീ സ്വാതന്ത്ര്യത്തെയും തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിര്ണയിച്ചുവരുന്ന ആഴത്തില്‍ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെയും വിമർശിക്കുന്ന ചിത്രമാണ് പ്രവീണ്‍ കാണ്ട്രെഗുല ഒരുക്കുന്ന പർദ.
വ്യത്യസ്ത ചുറ്റുപാടിലുള്ള മൂന്ന് സ്ത്രീകളുടെ സൗഹൃദമാണ് സിനിമ സംസാരിക്കുന്നത്. അനുപമയ്ക്കും ദർശനയ്ക്കുമൊപ്പം സംഗീതയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ തനിക്ക് സ്ത്രീ സൗഹൃദങ്ങൾ കുറവാണെന്നും ദർശനയുടെ സ്ത്രീ സൗഹൃദങ്ങൾ കണ്ട് അസൂയ തോന്നിയിട്ടുണ്ടെന്നും പറയുകയാണ് അനുപമ പരമേശ്വരന്. ഒരഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പറയുഞ്ഞത്.
“18 വയസിൽ സിനിമയിലെത്തിയ ഒരാളാണു ഞാൻ. അന്നുണ്ടായ പെൺ സുഹൃത്തുക്കളെല്ലാം മറ്റ് രാജ്യങ്ങളിലാണ്. എനിക്ക് സൗഹൃദങ്ങൾ കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യ സിനിമ കഴിഞ്ഞ് ഞാൻ പിന്നെ മറ്റൊരു ഇൻഡസ്ട്രിയിലേക്കാണു പോയത്.
എനിക്കുണ്ടായിരുന്ന പല സുഹൃത്തുക്കളും ഞാൻ നടിയാണ്, എന്റെ ആറ്റിട്യൂഡ് മാറിയെന്ന തോന്നലിൽ മാറിപ്പോയിട്ടുണ്ട്. എനിക്കവരുടെ കൂടെ സമയം ചെലവഴിക്കാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. എന്റെ അമ്മയാണ് എന്റെ ഏറ്റവും അടുത്ത സ്ത്രീസുഹൃത്ത്. പിന്നെ എന്നോടൊപ്പം ജോലി ചെയ്യുന്ന ഹെയർ സ്റ്റൈലിസ്റ്റ്. പിന്നെ, ലച്ചു എന്നൊരു സുഹൃത്ത്. ഞാൻ എന്നും സംസാരിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളേയുള്ളൂ.
അതുകൊണ്ടുതന്നെ പർദയിലെ സൗഹൃദം എന്നെ സംബന്ധിച്ച് അത്ര പരിചയമില്ലാത്ത ഒന്നായിരുന്നു. എനിക്ക് അറിയില്ലായിരുന്നു എങ്ങനെയാണു സ്ത്രീ സൗഹൃദങ്ങളെന്ന്. പർദയിൽ ഞങ്ങൾ മൂന്നുപേരുടെയും ട്രാവലില്‍ അറിയാതെ ഒരു ബോണ്ട് ഉണ്ടാവുകയായിരുന്നു. അതെനിക്ക് ആദ്യ അനുഭവമാണ്.
ദർശനയ്ക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. എന്തൊരു ഫൺ ആയിരിക്കും ജീവിതം. അതുമാത്രമല്ല ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ മനസിലാക്കുന്ന പോലെ മറ്റൊരാൾക്കും കഴിയില്ല. എനിക്കും അങ്ങനെയുള്ള പെൺ സുഹൃത്തുക്കൾ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ”- അനുപമ വ്യക്തമാക്കി.