കോട്ടയം: ഇന്ന് അത്തം. ഓണപ്പൂക്കളമൊരുക്കാന്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പൂപ്പാടങ്ങളില്‍നിന്നു പൂക്കളെത്തിത്തുടങ്ങി. കമ്പം, തേനി, ശീലയംപെട്ടി, ചിന്നമന്നൂര്‍, തോവാള, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് മധ്യകേരളത്തിലേക്ക് പൂക്കള്‍ കൂടുതലായി എത്തുന്നത്. തൃശൂര്‍ മുതല്‍ വടക്കോട്ട് ഗുണ്ടല്പെട്ടില്നിന്നും ബന്ദിപ്പൂരില്‍ നിന്നും പൂക്കളെത്തും.
കാണം വിറ്റും ഓണം കൊള്ളണം എന്നാണ് കേരളത്തിലെ ചൊല്ല്. എന്നാല്‍ ഓണം തമിഴര്‍ക്ക് അവരുടെ പൂക്കള്വിറ്റ് പണം നിറയ്ക്കുന്ന വേളയാണ്. ഓണവിപണിക്കായി കമ്പത്തെയും ശീലയംപെട്ടിയിലെയും പൂപ്പാടങ്ങള്‍ ഒരുങ്ങി നില്‍ക്കുകയാണ്. തേനി ജില്ലയിലെ ശീലയംപെട്ടിയിലും കമ്പത്തുമാണ് വന്‍തോതില്‍ പൂകൃഷി ചെയ്തിരിക്കുന്നത്. ജമന്തി, ബന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാനം. മഴ തോര്‍ന്ന് കാലാവസ്ഥ അനുകൂലമായ അതിരറ്റ ആഹ്ലാദത്തിലാണ് തമിഴ്നാട്ടിലെ പൂകര്‍ഷകര്‍.
ഓണത്തിനോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ശീലയംപെട്ടിയിലും ചിന്നമന്നൂരിലും ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജമന്തി -80, വെള്ള ജമന്തി-300, ചെത്തി-180, അരളി-250, വെള്ള അരളി-400, വാടാമുല്ല-150-180, ട്യൂബ് റോസ് (വെള്ള)-450, മുല്ല- 1800, ബന്തി-200 എന്നിങ്ങനെയാണ് ഇന്നലത്തെ വിലനിലവാരം. ഓണത്തിന് മുല്ലപ്പൂ പൂക്കളത്തിലേക്ക് മാത്രമല്ല തലയില്‍ ചൂടാനും വേണം. അപ്പോള്‍ വില 3000 കടന്നാലും അതിശയം വേണ്ട.
ഇനിയുള്ള ഓരോ ദിവസവും പൂവിലയില്‍ മാറ്റമുണ്ടാകും. ശീലയംപെട്ടി മാര്‍ക്കറ്റില്‍ നിന്നുമാത്രം മാസം ശരാശരി 30 ടണ്‍ പൂക്കള്‍ കേരളത്തില്‍ എത്തിക്കുന്നുണ്ട്. മധ്യകേരളത്തിലേക്ക് പൂക്കളെത്തുന്ന മറ്റൊരു സ്ഥലമാണ് തോവാള. നാഗര്‍കോവിലില്‍ നിന്നു തിരുനെല്‍വേലി പാതയില്‍ രണ്ടു വശങ്ങള് വേര്‍തിരിക്കുന്ന ചുരമ ഇവിടെയും വ്യാപകാമയി കൃഷിയുണ്ട്. ഇവിടെ ഇരുനൂറോളം കര്‍ഷകര്‍ ആയിരക്കണിക്കിന് ഏക്കര്‍ പൂകൃഷി നടത്തുന്നു.
ഓണത്തിനു മൂന്നു മാസം മുമ്പേ തമിഴ്നാട്ടില്‍ പൂവ് കൃഷി തുടങ്ങും. പാടത്തും വരമ്പത്തും വീട്ടുമുറ്റത്തുമൊക്കെ പൂത്തുലഞ്ഞ് ജമന്തിയും പിച്ചിയും മുല്ലയും. ഗ്രാമങ്ങളിലെ ആബാലവൃദ്ധം പേരും കൃഷിയില്‍ സജീവമാണ്. പുലര്‍ച്ചെ രണ്ടോടെ ശീലായംപെട്ടി, കമ്പം, ചിന്നമന്നൂര്‍ മാര്‍ക്കറ്റുകള്‍ ഉണരും. ഇവിടെ നിന്നു ചാക്കില്‍ പൂക്കള്‍ ലോറിയില്‍ കേരളത്തില്‍ വൈകുന്നേരത്തോടെ എത്തും.
കേരളത്തില്‍ പൂകൃഷി അടുത്തനാളുകളില്‍ സജീവമായിട്ടുണ്ടെങ്കിലും ആവശ്യത്തിനു ലഭിക്കില്ല. ഇത്തവണ ശക്തമായ മഴ പെയ്തതിനാല്‍ കാര്യമായ വിളവും ലഭിച്ചിട്ടില്ല. കുടമുല്ല പൂവിന് ഉല്പാദനം കുറവായതിനാല്‍ വില കൂടുതലാണ്. 1500 രൂപയാണ് ഇന്നലത്തെ വില. ഓണം അടുക്കുമ്പോള്‍ വില മൂന്നിരട്ടി വരെ കൂടാം.
ജിബിന്‍ കുര്യന്