ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കുംഭമേളയിൽ താരമായി മാറിയൊരു പെൺകുട്ടി മോനി ബോണ്‍സ്ലെ(മൊണാലിസ) മലയാളസിനിമാരംഗത്തേക്ക്. കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന അവളെ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണു ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ മുഴുവനും മൊണാലിസ തന്നെ ആയിരുന്നു അന്നു താരം.
കാണാൻ വരുന്നവരുടെ തിരക്ക് വർധിച്ചതോടെ മാല വിൽപ്പന അവസാനിപ്പിച്ച് മോനിക്കു തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നതെല്ലാം വലിയ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെ ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ച മോനി സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നു. അതിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം നടക്കുകയാണെന്നാണ് വിവരം.
ഇതിനിടെ കേരളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മോനി. അതും ഒരു മലയാള സിനിമയിൽ അഭിനയിക്കാനായി. പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്റെ പേര്. ജില്ലി ജോർജ് ആണ് നിർമാണം. സിബി മലയിൽ ആണു സ്വിച്ച് ഓൺ കർമം കഴിഞ്ഞ ദിവസം നിർവഹിച്ചത്.
കൈലാഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജാ വേദിയിൽ മോനിയെ കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. പ്രയാഗ് രാജില്‍ വച്ച് നടന്ന മഹാ കുംഭ മേളയില്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു അവര്‍ മാല വില്ക്കാന് എത്തിയത്.
കാമറകളുടെ കണ്ണില്‍ ഉടക്കിയതോടെയാണ് മൊണാലിസയുടെ ജീവിതം മാറിയത്. നാഷണല്‍ മീഡിയകളിലെല്ലാം വെള്ളാരം കണ്ണുള്ള ഈ പെണ്‍കുട്ടി വാര്‍ത്തയായി. ഇങ്ങ് കേരളത്തിലും മൊണാലിസ ശ്രദ്ധനേടിയിരുന്നു.