കാട്ടാന, പുലി, കടുവ… പ്രകൃതി രമണീയമായ നാട്ടില്‍ പുറത്തിറങ്ങാന്‍ പേടി. വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടി നില്‍ക്കുകയാണ് വയനാട് കല്‍പ്പറ്റയിലെ പെരുന്തട്ട ഗ്രാമവാസികള്‍. കല്പറ്റ നഗരത്തില്‍നിന്നു വിളിപ്പാടകലെയുള്ള ഒരു പ്ലാന്റെഷന്‍ ഗ്രാമം ഇന്ന് ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്. വനപാലകള്‍ പോലും അപൂര്‍വമെന്ന് വിലയിരുത്തിയ കടുവ-പുലി പോരാട്ടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്. മനോഹരമായ സ്ഥലമൊക്കെയാണ്.
വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുമുണ്ട്. പക്ഷെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഗ്രാമം നിറഞ്ഞു നില്‍ക്കുന്നത് വന്യമൃഗശല്യത്താലാണ്. കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചെറുവനവും ചേര്‍ന്നു നില്ക്കുന്ന ഇടമാണ് പെരുന്തട്ട. ചെമ്പ്രയുടെയും മൈലാടിപ്പാറയുടെയും ദൃശ്യം തെളിഞ്ഞു കാണുന്ന പ്രദേശം. ശാന്തമായ പരിസരമൊരുക്കി സഞ്ചാരിയെ ആശ്ചര്യപ്പെടുത്തും പെരുന്തട്ട. പക്ഷെ എന്തുചെയ്യാം ഈ നാടിന്റെ വിധി ഇങ്ങനെയായിപോയി.
വിട്ടുമാറാത്ത നടുക്കം
ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ നടുക്കത്തിലാണ് പെരുന്തട്ടക്കാർ. തിങ്കൾ രാത്രി പത്തോടെ പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്ററിന് സമീപം റോഡിലാണ് സംഭവം. ആസമയം റോഡിന് സമീപമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പുലിയും കടുവയും ഏറ്റുമുട്ടുന്നത് നേരിൽ കാണുകയും ചെയ്തു.
വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ, താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബഹളം വച്ചതോടെ കടുവ റോഡിനു മുകൾഭാഗത്ത് തേയിലത്തോട്ടത്തിലേക്ക് മാറി. അൽപസമയം റോഡിൽ കിടന്ന ശേഷം പുലി റോഡിന് താഴെഭാഗത്തെ തേയിലത്തോട്ടത്തിലൂടെ ഓടി നീങ്ങിയെന്നും നാട്ടുകാർ പറയുന്നു. പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് വിടുന്നതുപോലും പേടിച്ചിട്ടാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഭീതിയും പേറി പെരുന്തട്ടക്കാർ
തുറന്നിട്ടൊരു മൃഗശാല പോലെയാണു പെരുന്തട്ട ഗ്രാമം. എങ്ങോട്ടു തിരിഞ്ഞാലും വന്യമൃഗങ്ങൾ മാത്രം. ഏതു നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാമെന്ന ആശങ്കയും പേറിയാണ് ജീവിതം. കഴിഞ്ഞയാഴ്ച കാട്ടാനകളായിരുന്നു ഉറക്കം കെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 20ന് പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ പ്രദേശത്തിറങ്ങിയ കടുവ ദിവസങ്ങളോളമാണ് മേഖലയിൽ ഭീതി പരത്തിയത്.
അന്നു നാട്ടുകാർ ദേശീയപാത ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വര്‍ഷം തുടക്കത്തില്‍ വീട്ടില്‍ വളര്‍ത്തിയ പശുവിനെ പുലി കൊന്നുതിന്നിരുന്നു. കോഫീ ബോര്‍ഡ് തോട്ടത്തിന് സമീപമാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ ജഡവുമായി ദേശീയ പാത ഉള്‍പ്പെടെ ഉപരോധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രം.
സ്കൂളിലും കാട്ടാന…
സ്കൂളിൽ കാട്ടാന എത്തിയ സംഭവവും ഈ ഗ്രാമത്തില്‍ ഉണ്ടായി. കഴിഞ്ഞ മാസമായിരുന്നു സംഭവം.പെരുന്തട്ട ഗവ. യുപി സ്കൂളിൽ എത്തിയ കാട്ടാന ഗേറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. പുലർച്ചെ നാലോടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിലെ തെങ്ങ് ഒടിച്ച് കഴിച്ചശേഷമാണ് സ്കൂളിലേക്ക് എത്തിയത്. ഗേറ്റ് തകർത്ത് വളപ്പിലേക്ക് കയറി. കുട്ടികളുടെ അടുക്കളത്തോട്ടത്തിന്റെ ഭാഗമായി കൃഷിചെയ്തിരുന്ന പച്ചക്കറികൾ ചവിട്ടി നശിപ്പിച്ചു.
വാഴകൾ ചവിട്ടിമെതിച്ചു. ഓണാഘോഷത്തിന് ഉപയോഗിക്കാനിരുന്നു പച്ചക്കറികളാണ് നശിപ്പിച്ചത്. വിവരമറിഞ്ഞ് പുലർച്ചെ മേപ്പാടി ആർആർടിയും മുട്ടിൽ സെക്ഷൻ ഫോറസ്റ്റോഫീസിലെ ഉദ്യോഗസ്ഥരും സ്കൂളിലെത്തി. അപ്പോഴേക്കും കാട്ടാന കാടുകയറിയിരുന്നു. പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് വിടുന്നതുപോലും പേടിച്ചിട്ടാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഒരാള്‍ പൊക്കത്തില്‍ കാട്
നേരത്തേ വനാതിർത്തിയോടു ചേർന്നാണു പുലിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുലി എത്താത്ത മേഖലകളില്ല. പുലിയുടെ കാൽപാടുകൾ പതിയാത്ത വീടുകളില്ലെന്നതാണു യാഥാർഥ്യം. ഒന്നിലധികം പുലികൾ മേഖലയിലുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പെരുന്തട്ടയിലെ ഭൂരിഭാഗവും എൽസ്റ്റൺ എസ്റ്റേറ്റിന് കീഴിലെ തേയിലത്തോട്ടമാണ്. ഒരുഭാഗം കോഫി ബോർഡിന് കീഴിലെ കാപ്പിത്തോട്ടവും ഒരുഭാഗം വനമേഖലയുമാണ്.
400 ലധികം കുടുംബങ്ങൾ പെരുന്തട്ടയിൽ താമസിക്കുന്നുണ്ട്. തൊഴിലാളിസമരം കാരണം പണി മുടങ്ങിയതോടെ തേയിലത്തോട്ടം കാടുമൂടിയ നിലയിലാണ് .ഒരാൾപൊക്കത്തിലാണു കാട് ഉയർന്നു നിൽക്കുന്നത്. ഇതുകാരണം വന്യമൃഗങ്ങളെ എളുപ്പത്തിൽ കാണാനാകില്ല. കാടു മുടിയതോടെ മുൻപെങ്ങുമില്ലാത്ത വിധം കാട്ടാന, പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി. ഏഴരക്കുന്നിലെ പാറയ്ക്കു മുകളിൽ പതിവായി പുലിയെത്തുന്നുണ്ട്. ഈ ഭാഗത്തു പുലിമടയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ തമ്പടിക്കുന്ന പുലികൾ രാത്രിയിൽ സമീപപ്രദേശങ്ങളായ വെള്ളാരംകുന്ന്, ഓടത്തോട്, കണ്ണൻചാത്ത് മേഖലകളിലും എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം കണ്ണൻചാത്തിൽ റോഡ് മുറിച്ചു കടക്കുന്ന പുലിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ചുറ്റിലും തേയിലത്തോട്ടവും കാപ്പിത്തോട്ടവുമായതിനാൽ മറ്റു വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്.
ചെമ്പ്ര വനമേഖലയിൽ നിന്നാണു പുലി അടക്കമുള്ള വന്യമൃഗങ്ങൾ മേഖലയിലേക്കെത്തുന്നത്. പകൽസമയങ്ങളിൽ വനാതിർത്തിയോട് ചേർന്ന കൂട്ടമുണ്ട എസ്റ്റേറ്റിൽ തമ്പടിക്കുന്ന വന്യമൃഗങ്ങൾ രാത്രിയിൽ കോഴിക്കോട്–ഊട്ടി സംസ്ഥാനാന്തര പാത കടന്ന് ഓടത്തോട് മേഖലയിലൂടെയാണു പെരുന്തട്ടയിലെത്തുന്നത്.