കോട്ടയം: ചേര്‍ത്തല സ്വദേശി സെബാസ്റ്റ്യന്‍ നടത്തിയതായി കരുതുന്ന കൊലപാതകങ്ങളില്‍ വ്യക്തമായ തെളിവു നിരത്താനാവാതെ ക്രൈംബ്രാഞ്ച്. അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി രണ്ടു മാസം പിന്നിടുമ്പോഴും പഴുതടച്ച തെളിവു നിരത്തി കുറ്റപത്രം തയാറാക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല.
ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അസ്ഥി കൊല്ലപ്പെട്ട ജെയ്നമ്മയുടേതാണോ എന്നറിയാന്‍ നടത്തുന്ന ഡിഎന്‍എ ടെസ്റ്റ് ഫലം ഒന്നര മാസമായിട്ടും ലഭിച്ചിട്ടില്ല. ഒന്നിലേറെ തവണ തീയിടുകയും പിന്നീട് കുഴിച്ചിടുകയും ചെയ്ത അസ്ഥിയില്‍നിന്ന് ഡിഎന്‍എ ലഭിക്കാന്‍ താമസമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
ബിന്ദു പദ്മനാഭന് എവിടെ?
അതേസമയം സമാനമായ രീതിയില്‍ സെബാസ്റ്റ്യന്‍ വകവരുത്തിയതായി സംശയിക്കുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്റെ തിരോധാനത്തിലും തെളിവുകള്‍ ലഭ്യമായിട്ടില്ല. സെബാസ്റ്റ്യന്റെ സൗഹൃദവലയത്തിലായിരിക്കെ കാണാതായ വാരനാട് സ്വദേശി ഐഷക്ക് എന്തു സംഭവിച്ചു എന്നതില്‍ ചേര്‍ത്തല പോലീസ് നടത്തിവരുന്ന അന്വേഷണവും ഫലം കണ്ടിട്ടില്ല.
ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടിനുള്ളിലും സമീപത്തെ കുളത്തിലുമായി കണ്ടെത്തിയ വാച്ച്, ബാഗ്, വസ്ത്രം എന്നിവയുടെ അവശിഷ്ടങ്ങള്‍ ആരുടേത് എന്നതിലും വ്യക്തത വന്നിട്ടില്ല. അസ്ഥിയുടെ ഭാഗം ജെയ്നമ്മയുടേതാണോ ബിന്ദു പദ്മനാഭന്റേതാണോ എന്നതില്‍ വ്യക്തത വരാതെ അന്വേഷണം മുന്നോട്ടുപോകില്ല. സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
2024 ഡിസംബര്‍ 23ന് വൈകുന്നേരം കാണാതായ ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ പിന്നീടും സെബാസ്റ്റ്യന്റെ കൈവശമുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടില്‍ നിന്ന് അറസ്റ്റിലായപ്പോള്‍ ഈ ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. ഡിസംബര്‍ 23ന് വൈകുന്നേരം ജെയ്നമ്മ ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തിയതായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്നുണ്ട്. ജെയ്നമ്മയെ എങ്ങനെ വകവരുത്തിയെന്നോ ആരുടെ സഹായം ലഭിച്ചുവെന്നോ മൃതദേഹം എവിടെ മറവുചെയ്തെന്നോ വ്യക്തമല്ല.
ഇരുപതു ദിവസം സെബാസ്റ്റ്യനെ ചോദ്യം ചെയ്തിട്ടും പ്രതി നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് തയാറായിരുന്നില്ല. ഡിഎന്‍എ ഫലം വരാതെ അന്വേഷണം മുന്നോട്ടുപോയിട്ടു കാര്യമില്ലെന്നാണ് പോലീസ് നിഗമനം. ബിന്ദു പദ്മനാഭന് തിരോധാനക്കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ജെയ്നമ്മ വധക്കേസില്‍ ആഴ്ചകള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലിക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. ബിന്ദു പദ്മനാഭന് തിരോധാനക്കേസില്‍ ഏഴു വര്‍ഷം മുന്‍പ് സാഹചര്യത്തെളിവുകളോടെ പ്രതിയെ ചോദ്യം ചെയ്തെങ്കിലും കേസ് തേഞ്ഞുമാഞ്ഞുപോയിരുന്നു.