ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന് എലിയുടെ കടിയേറ്റതായി പരാതി. ഇൻഡോറിൽനിന്ന് ബംഗളൂരുവിലേക്കു പോകേണ്ട യാത്രക്കാരനാണ് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽവച്ച് എലിയുടെ കടിയേറ്റത്.
സംഭവത്തിൽ യാത്രക്കാരന് വിമാനത്താവളത്തിലെ ഡോക്ടർ കുത്തിവയ്പും അവശ്യമരുന്നും നൽകിയതായി വിമാനത്താവളം അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് കീടനിയന്ത്രണം ഉൾപ്പെടെയുള്ള പരിശോധന ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
അടുത്തിടെ ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരുന്ന രണ്ട് നവജാത ശിശുക്കൾ എലികളുടെ കടിയേറ്റു മരിച്ചിരുന്നു. എന്നാൽ, ശിശുക്കൾ മരിച്ചത് എലികളുടെ കടിയേറ്റല്ലെന്നും നേരത്തയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നുമാണ് ആശുപത്രി വൃത്തങ്ങളുടെ വാദം.
അതേസമയം, ഔദ്യോഗിക സർവേകളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ഇൻഡോറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.