കൊല്ലം: ആറു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്.
ആറ് വർഷം പിന്നിടുമ്പോൾ 11,82,585 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കോവിഡ് അനുബന്ധ ട്രിപ്പുകൾ കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യസഹായം എത്തിച്ച ട്രിപ്പുകൾ ആണ് അധികം. 1,45,964 ട്രിപ്പുകളാണ് ഈ ഇനത്തിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്.
1,11,172 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും, 1,01,154 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ വൈദ്യ സഹായം നൽകുവാനും 1,03,093 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ വൈദ്യ സഹായം നൽകാനും 108 ആംബുലൻസുകൾ ഓടി.
29,053 ട്രിപ്പുകൾ ഗർഭ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകാനും 26,206 ട്രിപ്പുകൾ വിഷബാധ ഏറ്റ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകാനും കനിവ് 108 ആംബുലൻസുകൾ ഓടി. ഇത് കൂടാതെ പക്ഷാഘാതം, ജെന്നി ഉൾപ്പടെയുള്ള വിവിധ അത്യാഹിതങ്ങളിൽ വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടിയത്. ആറു വർഷത്തിനിടയിൽ 1,84,557 ട്രിപ്പുകൾ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്.
കൊല്ലം 86,010, പത്തനംതിട്ട 60,664, ആലപ്പുഴ 1,00,167, കോട്ടയം 70,521, ഇടുക്കി 34,329, എറണാകുളം 1,13,406, തൃശ്ശൂർ 99,945, പാലക്കാട് 99,467, മലപ്പുറം 84,744, കോഴിക്കോട് 89,046, വയനാട് 39,258, കണ്ണൂർ 73,300, കാസർഗോഡ് 47,171 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കനിവ് 108 ആംബുലൻസുകൾ ഓടിയ ട്രിപ്പുകളുടെ എണ്ണം. ഇതുവരെ കോവിഡ് രോഗബാധിതരായ മൂന്ന് പേരുടെ ഉൾപ്പടെ 130 പേരുടെ പ്രസവങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.