തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രധാനപ്പെട്ട റോഡുകളില്‍ വെള്ളക്കെട്ട് രൂപം കൊണ്ടു.
തമ്പാനൂര്‍, അട്ടക്കുളങ്ങര, പൂജപ്പുര എന്നീ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപം കൊണ്ടത് വ്യാപാരികളെയും ജനങ്ങളെയും നല്ല രീതിയില്‍ ബാധിച്ചു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
അവധി പ്രഖ്യാപനം വൈകി
തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം അവധി പ്രഖ്യാപനം വൈകിയത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലച്ചു. ഇന്നലെ രാത്രിയില്‍ അവധി പ്രഖ്യാപിക്കാതെ ഇന്ന് രാവിലെ ആറരയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. രാവിലെ തന്നെ സ്കുള് ബസുകള്‍ പുറപ്പെട്ടിരുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശാനുസരണമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ മഴ കനത്തതോടെ വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്.
തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളംപൊങ്ങി
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയില്‍വെ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയത് റെയില്‍ ഗതാഗതത്തിന് നേരിയ തടസം സൃഷ്ടിച്ചു. റെയില്‍വെ ജീവനക്കാര്‍ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകള്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാന്‍ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആരോപിക്കുന്നത്.
ഓപ്പറേഷന് അനന്ത പുനരാംരംഭിക്കാന്‍ വേണ്ട നടപടി കോര്പ്പറേഷന് അധികൃതര്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.