തിരുവാര്‍പ്പ്: കോട്ടയം മലരിക്കല്‍ ആമ്പല്‍വസന്തം പുതിയ വഴികള്‍ തേടി ഒക്ടോബര്‍ അഞ്ചോടെ പൂര്‍ണതയിലേക്ക്. മലരിക്കല്‍ റോഡ് വിതി കൂട്ടി വികസിപ്പിച്ചതോടെ ഇത്തവണ കൂടുതല്‍ സഞ്ചാരികളെ ഉള്‍ക്കൊള്ളാനായി. ആമ്പല്‍ പാടത്തില്‍ കൃഷിയിറക്കുന്നതിനായി വെള്ളം വറ്റിക്കാന്‍ തിരുവാര്‍പ്പ് ജെ. ബ്ലോക്ക് 1800 ഏക്കര്‍, തിരുവായ്ക്കരി 850 ഏക്കര്പാടങ്ങളില് മോട്ടോറുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
വൈദ്യുതി കണക്ഷന് കിട്ടിയാല്‍ ഏഴു ദിവസത്തിനകം വെള്ളം വറ്റിക്കല്‍ പൂര്ണമായേക്കാം. കഴിഞ്ഞ വര്‍ഷം 120 വള്ളങ്ങളില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന ആമ്പല്‍ വസന്തം നടന്നു. ഈ വര്‍ഷം വള്ളങ്ങള്‍ 200 കവിഞ്ഞു. 100 ദിവസത്തിലേറെ സീസണ് നീണ്ടു. അഞ്ചു കോടിയോളം രൂപാ കര്‍ഷകര്‍ ഉള്‍പ്പടെ തദ്ദേശീയര്‍ ടൂറിസത്തിലൂടെ നേടി. ഹോം സ്റ്റേകളിലും തിരക്കേറി. ഇത്തവണ ആമ്പല്‍പ്പാടം വെഡിംഗ് ലൊക്കേഷനുമായി.
മലരിക്കല്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് വി.എസ് ഷാജി മോനാണു അദ്ദേഹത്തിന്റ് ഹോം സ്റ്റേയില്‍ ബുക്കുചെയ്ത നവദമ്പതികളുടെ വിവാഹ ശേഷമുള്ള ഒരു ഹണിമൂണ്‍ പാക്കേജ് മലരിക്കലില്‍ പുനരാവിഷ്ക്കരിച്ചത്. അടുത്ത വര്‍ഷം സൗരോര്‍ജവൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച് രാത്രിയില്‍ ആമ്പല്‍കാഴ്ചകള്‍ കാണുന്നതിനായി മറ്റൊരു പദ്ധതിക്കും മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി തയാറെടുക്കുന്നു.
കൂടാതെ മലരിക്കല്‍ പക്ഷിസങ്കേതമാണു മറ്റൊരു പദ്ധതി. കുമരകം പക്ഷിസങ്കേതത്തിലെ പക്ഷികളുള്‍പ്പെടെ ദേശാടന പക്ഷികളെ ഏറ്റവുമേറെ കാണാനാകുന്ന ഇടമാണിത്. ഡോ.പുന്നന്‍ കുര്യന് നേതൃത്വം നല്കുന്ന ടൈസ് എന്ന സ്ഥാപനം ഇതിന്റെ പഠനത്തിനു നേതൃത്വം നല്കം. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും പതിനായിരങ്ങളാണ് ഈ വര്‍ഷം ആമ്പല്‍ക്കാഴ്ചകള്‍ തേടിയെത്തിയത്.