കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം എത്തിയത്.
തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു.
ഫോൺ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോൺ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ വിട്ടയച്ചെങ്കിലും റെയിൽവേ പോലീസ് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.