പരവൂർ (കൊല്ലം): ഇന്ത്യക്കും ഭൂട്ടാനും മധ്യേ 89 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റെയിൽവേ ലൈനുകൾ വരുന്നു. ആസാമിലെ കൊക്രത്സാറിനെയും ഭൂട്ടാനിലെ ഗെലേഫുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഒരു ലൈൻ. ഇതിന്റെ ദൈർഘ്യം 69 കിലോമീറ്ററാണ്ട്.
ബംഗാളിലെ ബനാർ ഹട്ടിനെയും ഭൂട്ടാനിലെ സാംത്സെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ലൈനിന് 20 കിലോമീറ്ററും ദൂരമുണ്ട്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 4,033 കോടി രൂപയാണ് നിർമാണ ചെലവ്. വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ വേണ്ടിയാണ് ഇരു റെയിൽവേ ലൈനുകളും രൂപകൽപന ചെയ്യുക.
2024 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശിച്ച സമയത്ത് ഈ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. പിന്നീട് ഭൂട്ടാൻ വിദേശകാര്യ സെക്രട്ടറി ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ എത്തിയോപ്പാൾ ഇതിന്റെ തുടർച്ചയെന്നോണം ഔപചാരികമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ട് റെയിൽവേ ലൈനുകളും പൂർത്തിയായാൽ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ 1,50,000 കിലോമീറ്റർ വരെ ഭൂട്ടാന് എത്താൻ കഴിയും.
ബനാർ ഹട്ട്-സാംത്സെ പാത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. കൊക്രത്സർ-ഗെലഫു റെയിൽ ലൈൻ നാല് വർഷത്തിനുള്ളിലും യാഥാർഥ്യമാകും. ദൈർഘ്യം കൂടിയ പാതയിൽ ആറ് സ്റ്റേഷനുകൾ, 29 പ്രധാന പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, ഒരു ഫ്ലൈ ഓവർ, 39 അണ്ടർ പാസേജുകൾ എന്നിവ ഉണ്ടാകും. രണ്ടാമത്തെ ലൈനിൽ രണ്ട് സ്റ്റേഷനുകൾ, ഒരു പ്രധാന ഫ്ലൈ ഓവർ, 24 ചെറിയ ഫ്ലൈ ഓവർ, 37 അടിപ്പാതകൾ എന്നിവയുമുണ്ട്.
ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതിന്റെ ആധുനികവത്ക്കരണത്തിനും സാമ്പത്തിക വികസനത്തിനും പുതിയ റെയിൽവേ ലൈനുകൾ നിർണായക പങ്ക് വഹിക്കുമനാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.