തലശേരി: അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്ത സംഭവത്തിൽ പത്ത് പ്രതികൾക്ക് ചൊക്ലി പോലീസ് നോട്ടീസ് നൽകി.
ഏഴ് വർഷത്തിൽ താഴെയുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് നടപടി ഒഴിവാക്കി നൽകുന്ന നോട്ടീസാണ് പ്രതികൾക്ക് പോലീസ് നൽകിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത വിവരവും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 31 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തിരുന്നത്.
ഇന്നലെ രാവിലെ 11.15 ന് പാനൂർ കരിയാട് വച്ചാണ് എംഎൽഎയെ തടഞ്ഞ് കൈയേറ്റം ചെയ്ത സംഭവം അരങ്ങേറിയത്. മാലിന്യപ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധ സമരത്തിനിടയിലാണ് അക്രമം നടന്നത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
കരിയാട് അഭയ ഡയാലിസിസ് സെന്ററിൽ നിന്നും മാലിന്യം പുറത്തേക്ക് വിടുന്നുവെന്നാരോപിച്ച് സമരം ചെയ്തുവന്ന നാട്ടുകാരാണ് സ്ഥലത്തെത്തിയ എംഎൽഎയെ തടഞ്ഞ് കൈയേറ്റം ചെയ്തത്. കെഎൻ യുപിക്ക് സമീപമുള്ള അങ്കണവാടി ഉദ്ഘാടനം ചെയ്യാനാണ് എംഎൽഎ എത്തിയത്.