കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം.കേസുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരായ ചേര്‍ത്തല ആഞ്ഞിപ്പാലം ഇറവേലി വീട്ടില്‍ അല്‍ അമീന് (29), ഇടുക്കി മറയൂര്‍ കുന്നേല്‍വീട്ടില്‍ ഷിന്‍സ് (22), മലപ്പുറം നിലമ്പൂര്‍ കുളത്തുംപടി വീട്ടില്‍ സന്ദീപ് (25), ആലപ്പുഴ താമരക്കുളം അഭിഷേക് ഭവനത്തില്‍ അഭിഷേക്(24) എന്നിവരെയാണ് മുളവുകാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, കടവന്ത്ര പോലീസ് സ്റ്റേഷന് എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലെ മലയോര പ്രദേശത്തെ താമസസസ്ഥലത്തു നിന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. സമാന കേസില്‍ മറ്റൊരു പ്രതി അക്ഷയിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കടവന്ത്ര ഗാന്ധിനഗര്‍ ഭാഗത്ത് യൂബര്ടാക്സിക്കുള്ളില് കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവറെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചത്.
പ്രതികളിലൊരാളായ അല്‍ അമീന് എ്ന്നയാള്‍ അഭിജിത്ത് എ്ന്ന പേരിലുള്ള ഒരാളുടെ നഷ്ടപ്പെട്ട ലൈസന്‍സ് ദുരുപയോഗം ചെയ്താണ് ആംബുലന്‍സ് ഡ്രൈവറായ ജോലി ചെയ്യുന്നതെന്ന വിവരം പരിക്കേറ്റ യുവാവ് ഇവരുമായി സംസാരിച്ചതാണ് പ്രകോപനം ഉണ്ടാക്കിയത്.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഒളിവിലായവർക്കായി തെരച്ചിൽ ഊർജിതമാണെന്നും പോലീസ് പറഞ്ഞു.