കോട്ടയം: പി.കെ. ആനന്ദക്കുട്ടനും പ്രവർത്തകരും എൻസിപിയിൽ നിന്ന് രാജിവെച്ച് കേരള കോണ്ഗ്രസ് (എം) പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.എൻസിപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫോറം മുൻ സംസ്ഥാന പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനകളുടെ നേതാവും ഇപ്പോൾ എൻസിപി (എസ്) ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിഅംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുവരികയാണ് പി.കെ ആനന്ദക്കുട്ടൻ രാജിവയ്ക്കുന്നത്.
ആദർശ രാഷ്ട്രീയത്തിന്റെ കാവലാളായി നിന്ന് പ്രവർത്തിച്ച എ.സി. ഷണ്മുഖദാസ്, പീതാംബരൻ മാസ്റ്റർ, സിറിയക് ജോണ്, ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ച പാർട്ടിയായിരുന്നു എൻസിപി. കഴിഞ്ഞ കുറേ കാലങ്ങളായി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി അധഃപതിച്ചു.
ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു നേതൃമുഖം ആവശ്യമാണ്. എൻസിപി യിൽ പവാർ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക. അവർ ഇടക്കാല ബെർത്തായി മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി.സി ചാക്കോയും, തോമസ് കെ. തോമസും. ശരത് പവാറിനെവിട്ട് അജിത്ത് പവാർ എൻസിപിയുടെ കൊടിയും ചിഹ്നവും കൈക്കലാക്കി ബിജെപി യുടെ സഖ്യകക്ഷിയായത് പവാറിന്റെ പൂർണസമ്മതത്തിലാണ്.
കേരളത്തിൽ പാർട്ടി നേതൃത്വത്തിന്റെ കഴിവില്ലായ്മയുടെയും സംഘാടന പിഴവിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിൽ പാർട്ടി ഇത്രയേറെ അധഃപതിക്കാൻ കാരണം. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ ഓരോ ദിവസവും വീടുകളിൽ ഒതുങ്ങി കൂടുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്.
മന്ത്രിമാർക്ക് വേണ്ടിയുള്ള തർക്കവും, പാർട്ടിയിൽ പ്രവർത്തനം ഇല്ലായ്മയും, ഈ സർക്കാരിന്റെ ജനകീയ സമ്മതിയും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാൻ ഒരു രാഷ്ട്രീയ പ്രവർത്തനവും ചെയ്യാൻ കഴിയാത്ത ഒരു പാർട്ടിയായി എൻസിപി മാറി. ഒന്നും ആഗ്രഹിക്കാത്ത നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് വിരലിലെണ്ണാവുന്ന നേതാക്കൾക്ക് വേണ്ടി മാത്രം ഒതുങ്ങുന്ന കാഴ്ചയാണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനും കേന്ദ്ര ഗവണ്മെന്റ് ജനവിരുദ്ധമായ നയങ്ങൾ തുറന്നുകാണിക്കാൻ കഴിയാത്ത ഒരു പാർട്ടിയായി കേരളത്തിൽ എൻസിപി ശരത് വിഭാഗം മാറിയിരിക്കുന്നു. അത് പ്രചരിപ്പിക്കാൻ പോലും ഒരു രാഷ്ട്രീയ പാർട്ടിക്ക് കഴിയാതെ വന്നാൽ ആ രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നതിന് അർഥമില്ലാത്ത സ്ഥിതിയിലാണ്.
എല്ലാ ജില്ലകളിലും നേതാക്കളും പ്രവർത്തകരും രാജിവച്ച് കേരളാകോണ്സ് (എം) ൽ ചേർന്ന് പ്രവർത്തിക്കും. രാഷ്ട്രീയമെന്താണെന്ന് അറിയാത്ത പ്രസിഡന്റും അതിന്റെ അനുബന്ധ ഘടകങ്ങളും കൂടി ഈ പാർട്ടിയെ ഇല്ലായ്മ ചെയ്യുന്നു. കേരളത്തിൽ നിർജീവമായി നിൽക്കുന്ന ഈ പാർട്ടിയിൽ മുന്നോട്ട് സഞ്ചരിക്കുക ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തിപ്പെടുത്താൻ ഇന്ന് ശക്തമായി അടിത്തറയുള്ള കർഷകരുടെ ആത്മാവായി ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞു അതിന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന ജോസ് കെ മാണി നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചെന്നു നേതാക്കൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ പി.കെ. ആനന്ദക്കുട്ടനൊപ്പം ജോസ് പള്ളിക്കുന്നേൽ, ജോജി കുറത്തിയാടൻ, ജേക്കബ് ജോർജ്, ബാബു മണിമലപറന്പൻ, കിംഗ്സ്റ്റണ് രാജ, ചീനിക്കുഴി രാധാകൃഷ്ണൻ, ജോസി താന്നിക്കൽ, ബെന്നി വടക്കൻ, പി.സി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.