കൊച്ചി: അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവറെ കുടുക്കിയത് മറ്റൊരു മൊബൈല്‍ ഫോണ്‍ നമ്പര്‍. കേസുമായി ബന്ധപ്പെട്ട് കൊല്ലം പുനലൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ജിജോ മോനെയാണ് (39) ഹാര്‍ബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടു ദിവസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
സെപ്റ്റംബര്‍ 25 ന് രാത്രി എട്ടേമുക്കാലോടെ തോപ്പുംപടി ബിഒടി പാലത്തിന് നടുവില്‍ ജിജോമോന് ഓടിച്ച ഫോര്‍ട്ട്കൊച്ചി – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോഡ് ലാന്‍ഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ എളമക്കര പള്ളിപ്പറമ്പ് വീട്ടില്‍ ജോസ് ഡൊമിനിക്ക് (42) തല്‍ക്ഷണം മരിച്ചു.
അപകടത്തെ തുടര്‍ന്ന് ജിജോ മോന് ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.ബിഒടി സിഗ്നലില്‍ നിന്ന് ബസ് അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ബസ് കണ്ടക്ടറാണ് ബസ് പാലത്തില്‍ നിന്ന് നീക്കിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അറസ്റ്റ് മറ്റൊരു ഒളിസങ്കേതത്തിലേക്ക് മാറുന്നതിനിടെ
സംഭവശേഷം കൊല്ലത്തേക്ക് കടന്നു കളഞ്ഞ ജിജോമോന് ആദ്യം കൊട്ടാരക്കരയില്‍ ഒളിവില്‍ കഴിഞ്ഞു. ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ പ്രതിയിലേക്ക് എത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇയാള്‍ മുമ്പ് താമസിച്ചിരുന്ന തൃശൂരിലും ആലുവയിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ ഇയാള്‍ ഉപയോഗിക്കുന്ന മറ്റൊരു മൊബൈല്‍ നമ്പര്‍ പോലീസിനു ലഭിച്ചു. കൊട്ടാരക്കര ലൊക്കേഷന്‍ കാണിച്ച ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മടത്തറയിലെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറുന്നതിനിടെയാണ് പ്രതി പിടിയിലായത്.
എസ് ഐ മാരായ അനില്‍കുമാര്‍, എഎസ്ഐ സബീര്ക്കുട്ടി, സിപിഒമാരായ സനല്‍കുമാര്‍, ദിനോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.