പരവൂർ (കൊല്ലം): രാജ്യത്തെ എല്ലാ ബാങ്കുകളും അവരുടെ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദേശം.ബാങ്കുകൾക്ക് നൽകിയ പ്രത്യേകസർക്കുലറിലാണ് റിസർവ് ബാങ്കിന്റെ ഈ നിർദേശം.
മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ (ബിഎസ്ബിഡി) ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകൾ പരമാവധി പരസ്യപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതുപോലെ ഉപഭോക്താക്കൾ അക്കൗണ്ട് തുടങ്ങാൻ സമീപിച്ചാൽ ബിഎസ്ബിഡി അക്കൗണ്ടും മറ്റ് സേവിംഗ്സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും പ്രത്യേകതകളും കൃത്യമായി അവരെ ബോധ്യപ്പെടുത്തണം.
മറ്റു സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ബിഎസ്ബിഡി അക്കൗണ്ടിലേക്ക് മാറാൻ ഉപഭോക്താവിന് കഴിയുമെന്നും സർക്കുലറിൽ പറയുന്നു.സർക്കുലർ അനുസരിച്ച്, ബാങ്കുകൾ ഒരു ബിഎസ്ബിഡി അക്കൗണ്ടിൽ പരിധിയില്ലാത്ത നിക്ഷേപം അനുവദിക്കണം. കൂടാതെ സൗജന്യ എടിഎം സൗകര്യങ്ങളും ഡെബിറ്റ് കാർഡും നൽകണം.
പ്രതിവർഷം കുറഞ്ഞത് 25 ലീഫുകളുള്ള ഒരു ചെക്ക് ബുക്ക്, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ്, ഒരു പാസ്ബുക്ക്, പ്രതിമാസ സ്റ്റേറ്റ്മെന്റ് എന്നിവയും നൽകണം. കൂടാതെ, എടിഎം വഴി പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കലും അനുവദിക്കണം.
ചാർജ് ഈടാക്കാതെ, വിവേചനം കാണിക്കാതെ ഉപഭോക്താവിന്റെ അറിവോടെ മറ്റേത് സേവനവും ബാങ്കുകൾക്ക് നൽകാം. അതേസമയം ഒരു ബിഎസ്ബിഡി അക്കൗണ്ടുള്ളവർക്ക് മറ്റൊരു ബാങ്കിൽ സമാനമായ അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. മാത്രമല്ല, ബിഎസ്ബിഡി അക്കൗണ്ടുള്ള ബാങ്കിൽ മറ്റൊരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും അനുമതി ലഭിക്കില്ലെന്ന് ആർബിഐ സർക്കുലറിൽ സൂചിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ കീഴിലുള്ളവയാണ് ബിഎസ്ബിഡി അക്കൗണ്ടുകൾ. 56.6 കോടിയിലേറെ ബിഎസ്ബിഡി അക്കൗണ്ടുകളിലായി 2.67 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇത്തരം നിക്ഷേപകരുടെ എണ്ണവും നിക്ഷേപത്തുകയും വർധിപ്പിക്കുക എന്നതും റിസർവ് ബാങ്കിന്റെ പുതിയ നിർദേശത്തിന് പിന്നിലുണ്ട്.