ചങ്ങനാശേരി: ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവച്ചു. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ഞായറാഴ്ച നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്.
ചില യൂണിയൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെത്തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. ശബരിമലയിലെ സ്വർണപ്പാള്ളി വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായിട്ടായിരുന്നു യോഗം വിളിച്ചിരുന്നത്.
എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.
അതേസമയം കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് പ്രതിനിധികൾ പ്രതിനിധി സഭ ചേർന്നിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ പിന്തുണയിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് ജി. സുകുമാരൻ നായർ സ്വീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ അർപ്പിച്ച സുകുമാരൻനായർ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമുൾപ്പെടെയുള്ള വിമര്‍ശനങ്ങളായിരുന്നു പിന്നാലെ ഉയര്‍ന്നത്. എന്നാൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞ സുകുമാരൻ നായർ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ആവർത്തിച്ചത്.