ചണ്ഡിഗഡ്: പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകളുടെ ഇരുകൈകളും പിറകില്‍ കെട്ടി കനാലിലേക്ക് തളളി. പിതാവ് അറസ്റ്റിൽ. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.
മകളുടെ പ്രണയബന്ധത്തിൽ പിതാവ് സുർജിത് സിംഗ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി ഇത് ധിക്കരിച്ച് ആൺ സുഹൃത്തുമായി ചങ്ങാത്തം തുടർന്നു. ഇതിൽ ക്ഷുഭിതനായ സുർജിത് സിംഗ് കഴിഞ്ഞ ദിവസം മകളുടെ കൈകൾ പിറകിൽ കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ഫോണിൽ പകർത്തി. പെണ്‍കുട്ടിയുടെ അമ്മ ഈ സമയം കരയുന്നതും മകളെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
സുർജിത് സിംഗിന്റെ ബന്ധുവാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
‘ഞാന്‍ അവളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പക്ഷെ ഞാന്‍ പറയുന്നതൊന്നും അവൾ കേള്‍ക്കാന്‍ തയാറായില്ല. അതുകൊണ്ട് എനിക്കീ തീരുമാനം എടുക്കേണ്ടിവന്നു’ എന്നാണ് സുര്‍ജിത് സിംഗ് പോലീസിനോട് പറഞ്ഞത്.
അതേസമയം, കനാലില്‍ വീണ് കാണാതായ പെണ്‍കുട്ടിക്കായുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. വീഡിയോയുടെയും ഫോറന്‍സിക് പരിശോധനകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.