തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണം, സിബിഐ അന്വേഷിക്കണം, സ്വർണം കവർന്നവരെ പിടികൂടണം തുടങ്ങിയ ആവശ്യങ്ങളുമായി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭ കുറച്ചുസമയത്തേക്കു നിര്‍ത്തിവച്ചു.
അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നു പ്രിന്റ് ചെയ്ത ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കറുടെ ഡയസിനു മുന്നില്‍ ബാനര്‍ പിടിച്ച് മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതോടെ ചോദ്യോത്തരവേള തടസപ്പെട്ടു.
ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അനാദരവെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറായില്ല. പ്രതിപക്ഷ പ്രതിഷേധം നേരിടാന്‍ ഭരണപക്ഷവും മന്ത്രിമാരും സീറ്റുകളില്‍നിന്ന് എഴുന്നേല്ക്കുകയും വാക്ക്പോര് തുടരുകയുമായിരുന്നു.