കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,930 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.75 ലും ആണ്. 24 കാരറ്റ് ഒരു കിലോ സ്വര്‍ണത്തിന് ബാങ്ക് നിരക്ക് 1 കോടി 30 ലക്ഷം രൂപയായിട്ടുണ്ട്. നിലവില്‍ ഒരു പവന് സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 96,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,100 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,100 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,600 രൂപയുമാണ് വിപണി വില. ദീപാവലിക്ക് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4000 ഡോളര്‍ മറികടക്കുമെന്ന സൂചനകളാണ് വരുന്നത്.
ആഭ്യന്തര വില 12,000 രൂപയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
- സ്വന്തം ലേഖിക