42,256 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കരുത്തു വര്‍ധിപ്പിച്ച് മോന്‍സ് ജോസഫ്

ktm-monsകടുത്തുരുത്തി: കടുത്തുരുത്തിയില്‍ യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍വര്‍ദ്ധന.. 42,256 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇക്കുറി മോന്‍സിന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്. സംസ്ഥാനത്തെ യൂഡിഎഫ് എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് മോന്‍സിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടിനെക്കാള്‍ കൂടുതലാണ് മോന്‍സ് ജോസഫിന് ലഭിച്ച ഭൂരിപക്ഷമെന്നത് മണ്ഡലത്തില്‍ യൂഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനകീയാടിത്തറ വ്യക്തമാക്കുന്നു. എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂട്ടത്തോടെ ഇക്കുറി മോന്‍സിന്റെ പെട്ടിയില്‍ വീഴൂകയായിരുന്നുവെന്ന് ഫളം തെളിയിക്കുന്നു. ഭൂരിപക്ഷത്തിന്റെ മോന്‍സ് ജോസഫിന്റെ നേതാവും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാനുമായ പി.ജെ. ജോസഫിനാണ് യൂഡിഎഫില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്.  44,989 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി.ജെ. ജോസഫിന് ലഭിച്ചത്.

ഇക്കുറി കടുത്തുരുത്തി മണ്ഡലത്തില്‍ 1,82,300 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇവരില്‍ 92,598 പേര്‍ സ്ത്രീകളും 89,702 പേര്‍ പുരുഷ വോട്ടര്‍മാരുമായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പെടെ 1,27,174 വോട്ടര്‍മാരാണ് ഇക്കുറി വോട്ടവകാശം വിനയോഗിച്ചത്. 73,793 വോട്ടുകളാണ് മോന്‍സ് ജോസഫിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്കറിയാ തോമസിന് ലഭിച്ചത് 31,537 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സ്റ്റീഫന്‍ ചാഴികാടന് ലഭിച്ചത് 17,536 വോട്ടുകളും ബിഎസ്പി സ്ഥാനാര്‍ഥി ജിനീഷ് ജോണിന് 1473 വോട്ടുകളുമാണ്. കേരളാ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി ടി.പി. കുട്ടപ്പന് 968 വോട്ടുകള്‍ ലഭിച്ചപ്പോള്‍, സ്വതന്ത്രസ്ഥാനാര്‍ഥി രാജീവ് കിടങ്ങൂരിന് 332 വോട്ടുകളും ലഭിച്ചു.

1533 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചപ്പോള്‍, രണ്ട് വോട്ടുകള്‍ അസാധുവായി. മോന്‍സ് ജോസഫിന് 348 പോസ്റ്റല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍, സ്കറിയാ തോമസിന് 244 ഉം സ്റ്റീഫന്‍ ചാഴികാടന് 72 പോസ്റ്റല്‍ വോട്ടുകള്‍ ലഭിച്ചു. ജിനീഷ് ജോണ്‍ മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ നേടി. എട്ട് പോസ്റ്റല്‍ വോട്ടുകള്‍ നോട്ടയ്ക്കും  ലഭിച്ചു. കഴിഞ്ഞതവണത്തെക്കാള്‍ 11,225 വോട്ടര്‍മാര്‍ ഇക്കുറി മണ്ഡലത്തില്‍ കൂടുതലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞതവണത്തെക്കാള്‍ 1671 വോട്ടുകള്‍ മാത്രമാണ് ഇക്കുറി കൂടുതല്‍ പോള്‍ ചെയ്തത്. ഇതാണ് പോളിംഗ് ശതമാനത്തില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ അല്‍പം കുറവുണ്ടാക്കിയത്. കഴിഞ്ഞതവണ മോന്‍സ് ജോസഫിന് 23,057 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍, 1,71,075 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇവരില്‍ 1,23,968 വോട്ടര്‍മാര്‍ സമ്മതിദിനാവകാശം വിനയോഗിച്ചു.

85,212 പുരുക്ഷ വോട്ടര്‍മാരില്‍ 62,696 ഉം 85,863 വനിത വോട്ടര്‍മാരില്‍ 58,753  പേരുമാണ് കഴിഞ്ഞതവണ വോട്ടവകാശം വിനയോഗിച്ചത്. കഴിഞ്ഞ തവണ മോന്‍സ് ജോസഫിന് ലഭിച്ചത് 68,787 വോട്ടുകളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫ് ജോര്‍ജിന് 45,730 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ബിജുവിന് 5340 വോട്ടും ലഭിച്ചു. ബിഎസ്പി സ്ഥാനാര്‍ഥിക്ക് 2169 വോട്ടുകളും ലഭിച്ചു. കഴിഞ്ഞതവണത്തെക്കാള്‍ 14,193 വോട്ടുകള്‍ കുറവാണ് ഇക്കുറി ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എന്നാല്‍ മോന്‍സ് ജോസഫിന് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ 5006 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 12,196 വോട്ടുകള്‍ ഇക്കുറി കൂടുതല്‍ ലഭിച്ചു. യൂഡിഎഫിനും ബിജെപിക്കും മണ്ഡലത്തില്‍ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ വന്‍ചേര്‍ച്ചയാണ് ഉണ്ടാക്കിയരിക്കുന്നത്.

മോന്‍സ് ജോസഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അറിയാമായിരുന്നെങ്കിലും ഇത്രയും വലിയൊരു തിരിച്ചടി മണ്ഡലത്തില്‍ ഉണ്ടാകുമെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ വോട്ട്ബാങ്കില്‍ വന്ന കനത്ത ചോര്‍ച്ചയെ കുറിച്ചു എല്‍ഡിഎഫിന്റെ നേതാക്കള്‍ക്ക്, പ്രത്യേകിച്ചു സിപിഎം നേതാക്കള്‍ക്ക് നേതൃത്വത്തിന് മുന്നില്‍ കണക്ക് കൊടുക്കേണ്ടി വരും. ഇക്കുറി തങ്ങള്‍ക്ക് ഇരുപതിനായിരത്തോളം വോട്ടുണ്ടെന്നു ബിജെപി നിയോജകമണ്ഡലം നേതൃത്വം നേരത്തെതന്നെ അവകാശപെട്ടിരുന്നു. ഈ കണക്കുനുസരിച്ചു ബിജെപിയുടെ വോട്ടില്‍ വലിയ കുറവുണ്ടായിട്ടില്ല.   എന്നാല്‍ ആദ്യം മുതല്‍ പാര്‍ട്ടി നേതൃത്വം സംശയിച്ചതുപോലെ ബിഡിജെഎസിന്റെ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീണട്ടില്ല. കൂടാതെ സ്റ്റീഫന്‍ ചാഴികാടന് സമുദായത്തിന്റെ  വോട്ടുകള്‍ ലഭിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടലും പച്ചതൊട്ടില്ല. കഴിഞ്ഞതവണ നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ ലഭിച്ച ഭൂരിപക്ഷം ഇക്കുറി വര്‍ദ്ധിപ്പിക്കാനും മോന്‍സ് ജോസഫിനായി.

Related posts