പരവൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഎഫ്ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളിൽ ബംഗളുരുവിൽ നടക്കും.ഈ യോഗത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് – 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1000 രൂപയിൽ നിന്ന് 2500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.2014-ൽ ആണ് ഇപിഎഫ്ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 1,000 രൂപ വളരെ കുറവാണെന്നാണ് പെൻഷൻകാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.മിനിമം പെൻഷൻ 7,500 രൂപയായി ഉയർത്തണമെന്നാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ട്രേഡ് യൂണിയനുകളും പെൻഷൻകാരുടെ വിവിധ സംഘടനകളും ആവശ്യപ്പെട്ടത് വരുന്നത്.
അതായത് പെൻഷൻ 7.5 മടങ്ങ് വർധിപ്പിക്കണമെന്നാണ് ആവശ്യം. ഇതിനോട് സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗം പൂർണമായും അനുകൂല നിലപാട് എടുക്കാൻ സാധ്യതയില്ല. പകരം മിനിമം പെൻഷൻ 2 ,500 രൂപയായി വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
യോഗത്തിന്റെ മറ്റൊരു പ്രധാന അജണ്ട ഇപിഎഫ്ഒ 3.0 പദ്ധതിയാണ്. ഇതിൻപ്രകാരം സ്ഥാപനത്തെ പൂർണമായും ഡിജിറ്റൽ, പേപ്പർരഹിതമാക്കുന്നതിനുള്ള പദ്ധതികളുമുണ്ട്.എടിഎമ്മുകളിൽ നിന്ന് നേരിട്ട് പിഎഫ് തുക പിൻവലിക്കൽ, യുപിഐ വഴിയും തൽക്ഷണ പിഎഫ് തുക പിൻവലിക്കൽ, തൽസമയ ക്ലയിം സെറ്റിൽമെന്റ്, രേഖകളിലെ തിരുത്തൽ സൗകര്യം, മരണവുമായി ബന്ധപ്പെട്ട ക്ലയിമുകൾ ഓൺലൈനായി അതിവേഗം തീർപ്പാക്കൽ തുടങ്ങിയവ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
ഇൻഫോസിസ്, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ വൻകിട ഇന്ത്യൻ ഐറ്റി സ്ഥാപനങ്ങളെയാണ് ഇത്തരത്തിലുള്ള സാങ്കേതിക നവീകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വങ്ങൾ ഇപിഎഫ്ഒ ഏൽപ്പിച്ചിരിക്കുന്നത്.
സാങ്കേതിക പരിശോധനകളിലെ കൃത്യത ഉറപ്പാക്കലും സിസ്റ്റം സംയോജനത്തിലെ വെല്ലുവിളികളും കാരണം ഈ പദ്ധതി ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്. എങ്കിലും അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പദ്ധതി ആരംഭിച്ചേക്കും. ഇതുകൂടാതെ നിക്ഷേപ നയം, പെൻഷൻ പദ്ധതിയുടെ ഫണ്ട് ഘടന എന്നിവയെ കുറിച്ചും ബോർഡ് യോഗം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
ബോർഡ് തീരുമാനം എടുത്താലും അത് പ്രാബല്യത്തിൽ വരണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്തായാലും ബോർഡ് യോഗത്തെ രാജ്യത്തെ ദശലക്ഷക്കണക്കിന് പെൻഷൻകാരും ജീവനക്കാരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.