പരവൂർ (കൊല്ലം): റിസർവേഷൻ ടിക്കറ്റിന് പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന സംവിധാനം റെയിൽവേ നടപ്പിലാക്കാൻ പോകുന്നു. രാജ്യത്തെ ലക്ഷക്കണക്കായ ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും ഈ തീരുമാനം.
ബുക്ക് ചെയ്ത് കണ്ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 2026 ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി സൂചിപ്പിച്ചു.
യാത്രക്കാർ അവർ റിസർവേഷൻ ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് നൽകണം. യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ ചെയ്യുന്നത്.
റദ്ദാക്കുന്ന സമയത്തിന് അനുസരിച്ച് യാത്രക്കാരിൽ നിന്ന് റീഫണ്ട് ആയി വലിയ തുക കുറയ്ക്കുകയും ചെയ്യുമായിരുന്നു. നിലവിലെ സമ്പ്രദായം അന്യായമാണെന്നും യാത്രക്കാരുടെ താൽപര്യത്തിന് എതിരാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവിലെ നിയമങ്ങൾ അനുസരിച്ച് ട്രെയിൻ യാത്ര പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ ഇതിലും കൂടുതലും വർധിക്കും.
റിസർവേഷൻ ചാർട്ട് തയാറാക്കി കഴിഞ്ഞാൽ റിസർവേഷൻ ടിക്കറ്റ് റദ്ദാക്കലുകൾക്ക് പണം തിരികെ ലഭിക്കാറില്ല. റെയിൽവേയുടെ ഇത്തരത്തിലുള്ള കനത്ത റദ്ദാക്കൽ ഫീസ് കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ജനുവരി മുതൽ നടപ്പിലാകുന്ന പുതിയ മാറ്റം.
എന്നിരുന്നാലും പുതിയ യാത്രാ തീയതിക്ക് സ്ഥിരീകരിച്ച ടിക്കറ്റ് ഉറപ്പ് നൽകാൻ പുതിയ പരിഷ്കാരത്തിന് സാധിക്കില്ല. സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും തീയതിയിൽ മാറ്റം സ്ഥിരീകരിച്ച് ലഭിക്കുക. മാറ്റി ലഭിക്കുന്ന ടിക്കറ്റിന് നിരക്ക് കൂടുതൽ ആണെങ്കിൽ അത് യാത്രക്കാർ നൽകുകയും വേണം. ഇത് സംബന്ധിച്ച വിശദമായ വ്യവസ്ഥകൾ ഉടൻ പ്രഖ്യാപനമായി വരുമെന്നാണ് വിവരം.