നര്‍ത്തകിയായി വേദികളിലും അഭിനേത്രിയായി സിനിമകളിലും സീരിയലുകളിലും തിളങ്ങി നില്ക്കുന്ന താരമാണ് ഊര്‍മ്മിള ഉണ്ണി. സഹനായിക വേഷങ്ങളടക്കം മികച്ച കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തരാ ഉണ്ണി അഭിനയരംഗത്ത് അധികം സജീവമല്ലെങ്കിലും നൃത്തരംഗത്തും സംവിധാന രംഗത്തും സജീവമാണ്.
2012ല്‍ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം വവ്വാല് പസംഗയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഉത്തരാ ഉണ്ണി, മലയാളത്തില്‍ ഇടവപ്പാതിയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ അഭിനയ രംഗത്തു നിന്നുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉത്തരാ ഉണ്ണി. അമ്മ സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഉത്തര.
എന്റെ അമ്മ സിനിമയില്‍ വന്നിട്ട് ഏകദേശം 35 വര്‍ഷത്തിലധികമായി. സിനിമാ പശ്ചാത്തലമുളള കുടുംബമാണ് എന്റേത്. എന്നിട്ടും അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് പല തരത്തിലുളള വ്യാജ ഫോണ്‍ കോളുകളും എനിക്കു ലഭിച്ചിട്ടുണ്ട്.
തമിഴില്‍ നിന്നാണ് കൂടുതല്‍ കോളുകളും വന്നത്. സംവിധായകൻ ശരവണന്റെ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തെന്നായിരുന്നു ഫോണ്‍ കോള്‍. ഉടൻ ബംഗളൂരുവില്‍ എത്തണമെന്നും ഷൂട്ടിംഗ് തുടങ്ങണമെന്നും അവർ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്റെ വസ്ത്രത്തിന്റെയും ഷൂസിന്റെയും അളവുവരെ ചോദിച്ച് മനസിലാക്കി. പിന്നീട് തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തില്‍ അംഗത്വമെടുക്കാൻ വിളിച്ചയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു.
അതോടെ എനിക്ക് സംശയം തോന്നി. അമ്മ തമിഴ് സിനിമയിലെ ഒരു സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു സിനിമ ഇല്ലെന്നറിയാൻ സാധിച്ചത്. വളരെയധികം പ്രതീക്ഷയോടെയാണ് അഭിനയരംഗത്തേക്കു കടന്നുവന്നത്.
പക്ഷേ, വിചാരിച്ച പോലെ ഒന്നും നടന്നില്ല. നന്നായി കഷ്ടപ്പെട്ടാണ് ആദ്യ മലയാള ചിത്രത്തില്‍ അഭിനയിച്ചത്. പക്ഷേ, ആ സിനിമ വിജയിച്ചില്ല. അതെനിക്ക് വലിയ സങ്കടമുണ്ടായി. അഭിനയരംഗത്ത് ഞാൻ വിജയിച്ചിരുന്നെങ്കില്‍ ഒരിക്കലും നൃത്തത്തിലേക്കോ സംവിധാനത്തിലേക്കോ കടന്നുവരില്ലായിരുന്നു- ഉത്തരാ ഉണ്ണി പറഞ്ഞു.