ബ്രസീലിയ: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനു വാഗ്ദാനങ്ങളില്ലാതെ ബ്രസീലിൽ ചേർന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി (സിഒപി30) സമാപിച്ചു. എണ്ണ, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കുന്നതിനു രാജ്യങ്ങൾക്കു സ്വമേധയാ തീരുമാനം എടുക്കാമെന്ന ധാരണയാണ് ഉച്ചകോടിയിലുണ്ടായത്.
ആഗോളതാപനത്തിനു കാരണമായ ഇവയുടെ ഉപയോഗം കുറയ്ക്കാൻ വ്യക്തമായ നിർദേശങ്ങൾ വേണമെന്നു യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ വാദിച്ചെങ്കിലും എണ്ണയുത്പാദക രാജ്യങ്ങളുടെ എതിർപ്പിനു മുന്നിൽ നിഷ്ഫലമായി. തങ്ങളുടെ സാന്പത്തികമേഖല വളരാൻ എണ്ണ, വാതക ഖനനം തുടരേണ്ടത് അനിവാര്യമാണെന്ന് സൗദി പോലുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
ആമസോൺ മഴക്കാടുകൾക്കു സമീപമുള്ള ബെലം നഗരത്തിൽ രണ്ടാഴ്ച നീണ്ട ഉച്ചകോടിയിൽ ഇരുനൂറു രാജ്യങ്ങളിൽനിന്നായി അന്പതിനായിരം പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് ട്രംപിന്റെ എതിർപ്പുമൂലം അമേരിക്കൻ പ്രതിനിധികൾ പങ്കെടുത്തില്ല.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ നേരിടുന്ന രാജ്യങ്ങൾ ഉച്ചകോടിയിലെ ധാരണയിൽ നിരാശ പ്രകടിപ്പിച്ചു. ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച ബ്രസീലിന്റെ ഇരട്ടത്താപ്പിനെതിരേയും വിമർശനമുണ്ടായി. ഫോസിൽ ഇന്ധനം കുറയ്ക്കാൻ നടപടി വേണമെന്നു വാദിക്കുന്ന ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ, ആമസോൺ മേഖലയിൽനിന്ന് എണ്ണ ഖനനം ചെയ്യാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നതു ചില രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
അടുത്ത വർഷത്തെ ഉച്ചകോടി തുർക്കിയിലാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ഓസ്ട്രേലിയ ആയിരിക്കും. അടുത്ത ഉച്ചകോടി നടത്താൻ അവകാവാദമുന്നയിച്ച ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു.

