കൊച്ചി: കുണ്ടന്നൂരില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പണം ഇരട്ടിപ്പിക്കല്‍ ഡീല്‍ നടന്നിട്ടില്ലെന്ന് നാഷണല്‍ സ്റ്റീല്‍ കമ്പനി ഉടമ സുബിന്. ബാങ്കില്‍ നിന്ന് റോ മെറ്റീരിയല്‍സ് വാങ്ങുന്നതിന് എടുത്ത 80ലക്ഷം രൂപയാണ് തന്റെ കൈവശം ഉണ്ടായിരുന്നത്.
ഇതിന്റെ രേഖകള്‍ കൈവശമുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള സജിയുമായി 15 ദിവസത്തെ പരിചയമാണ് തനിക്കുള്ളത്. റോ മെറ്റീരിയല്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പരിചയപ്പെട്ടത്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിനുശേഷമാണ് മുഖംമൂടി ധരിച്ചവര്‍ എത്തിയതെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും സുബിന് പറഞ്ഞു.
സുബിന്റെ പരാതിയില്‍ മരട് പോലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള സജിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. കമ്പനി ഉടമയായ സുബിന് തോമസിന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ചും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വടുതല സ്വദേശി സജിയാണ് മരട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. 81 ലക്ഷം രൂപ കൊടുത്താല്‍ 1.10 കോടിയായി കിട്ടുന്നതായിരുന്നു പദ്ധതി. ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന ഓമനപ്പേരിലാണ് തട്ടിപ്പ് നടത്തുക. സജി ഇതിന്റെ ഏജന്റ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്.
സജി വഴി പരിചയപ്പെട്ട എറണാകുളം സ്വദേശികളായ ജോജി, ജിഷ്ണു എന്നിവരുമായിട്ടായിരുന്നു ഇടപാട്. ഇവര്‍ ഉച്ചയ്ക്കു ശേഷം മൂന്നോടെ കമ്പനിയിലെത്തി പണം എണ്ണുന്നതിനിടെയാണ് മുഖംമൂടി ധരിച്ച സംഘം എത്തിയത്. വടിവാള്‍ വീശിയും തോക്ക് ചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കമ്പനിയിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പണവുമായി സംഘം കുണ്ടന്നൂര്‍ ഭാഗത്തേക്ക് കടന്നു.
കാറിന്റെ നമ്പര്‍ കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ബഹളത്തിനിടെ ജോജിയും ജിഷ്ണുവും മുങ്ങുകയും ചെയ്തു. അങ്കലാപ്പിലായി നിന്നു പോയ സജിയെ, സുബിനും മറ്റു ജീവനക്കാരും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കമ്പനിയിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമാണ്.
സില്‍വര്‍ നിറത്തിലുള്ള റിറ്റ്സ് കാറിലാണ് കവര്‍ച്ചാ സംഘമെത്തിയത്. നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ മറച്ച നിലയിലായിരുന്നു.
അന്വേഷണത്തിന് പ്രത്യേക സംഘംപണം ഇരട്ടിപ്പിക്കല്‍ സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘമാകും കേസ് അന്വേഷിക്കുക.
ഇതിന് മുന്നോടിയായി കമ്പനി ഉടമ സുബിന്, സ്ഥാപനത്തിലെ ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും. കള്ളപ്പണ ഇടപാട് സംശയിക്കുന്ന സാഹചര്യത്തില്‍ മറ്റ് കേന്ദ്ര ഏജന്‍സികളടക്കം എത്തിയേക്കുമെന്നാണ് വിവരം.