പഴയങ്ങാടി: പുതിയങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ പാചകവാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു നാലുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
പൊള്ളലേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികളായ ശിവബഹ്റ (35), നിഘം ബഹ്റ (40), സുബാഷ് ബഹറ (50), ജിതേന്ദ്ര ബഹ്റ (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ശിവ ബഹറ, നിഘം ബഹ്റ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ആറോടു കൂടിയായിരുന്നു സംഭവം. കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ തൊഴിലാളികളാണ് നാലു പേരും. ഇന്നലെ രാത്രി താമസിക്കുന്ന മുറിയിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാൻ മറന്നു പോയിരുന്നതായാണ് പറയുന്നത്.
ഇന്നു രാവിലെ ഉറക്കമുണർന്ന ഒരാൾ ഭക്ഷണം പാകം ചെയ്യാനായി ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ ഗ്യാസിന് തീപിടിച്ച് മുറി അഗ്നിഗോളമായി മാറുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവരാണ് പൊള്ളലേറ്റവരെ ആശുപത്രിയിലാക്കിയത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.