കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആവശ്യത്തിന് സ്കൂള്‍ കൗണ്‍സലര്‍മാര്‍ ( സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍) ഇല്ല. മൂവായിരത്തിലധികം വിദ്യാര്‍ഥികളുള്ള സ്കൂളുകളില്‍ പോലും ഒരു സ്കൂള്‍ കൗണ്‍സലര്‍ മാത്രമാണുള്ളത്. ഇവരില്‍ പലര്‍ക്കും, മാനസിക പിന്തുണ വേണ്ട വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനോ അവര്‍ക്ക് വേണ്ട സഹായം കൊടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2023-24 വര്‍ഷത്തില്‍ 4,809 സര്‍ക്കാര്‍ സ്കൂളുകളാണുള്ളത്. സംസ്ഥാനത്ത് നിലവില്‍ 1,114 സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരാണുള്ളത്. 1,200 പേര് വേണ്ടിടത്താണ് ഇത്. വനിത ശിശുവികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എംഎസ് സി സൈക്കോളജിയോ മെഡിക്കല്‍ സൈക്യാട്രിയില്‍ സ്പെഷലൈസേഷന് ഉള്ളവരെയോ ആണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കൗണ്‍സലര്‍മാരായി നിയമിക്കുന്നത്. അഞ്ചുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ കണ്ടെത്തി അവര്‍ക്കു വേണ്ട മാനസിക പിന്തുണ നല്‍കുകയാണ് ഇവര്‍ കൗണ്‍സലിംഗിലൂടെ ചെയ്യുന്നത്.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുക, വ്യക്തിത്വ വികസനം, പഠനവൈകല്യം, മാനസിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസുകള്‍, പരീക്ഷ പേടി , കുടുംബപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കുന്നതിന് വേണ്ട സഹായം ഇവയെല്ലാം കൗണ്‍സലര്‍മാര്‍ പല വിദ്യാര്‍ഥികള്‍ക്കും നല്‍കുന്നുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി പ്രശ്നപരിഹാരം കണ്ടെത്തുകയും ആത്മവിശ്വാസക്കുറവോ പ്രത്യേക ശ്രദ്ധയോ ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സലിംഗും നല്‍കും.
എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് കൗണ്സലര്മാരില്ലാത്തത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം മാനസിക പിന്തുണ വേണ്ടവരിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകുന്നുവെന്ന് സ്കൂള്‍ കൗണ്‍സലര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 500 കുട്ടികള്‍ക്ക് ഒരു കൗണ്‍സലര്‍ എന്ന നിലയ്ക്കെങ്കിലും കൂടുതല്‍ പോസ്റ്റുകള്‍ അനുവദിക്കണമെന്ന് പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായില്ലെന്ന് സ്കൂള്‍ കൗണ്‍സലര്‍മാര്‍ പറയുന്നു.
സ്കൂളുകളിലെ കൗണ്‍സലിംഗില്‍ തുടര്‍ ചികിത്സ വേണ്ട വിദ്യാര്‍ഥികള്‍ക്ക് ജില്ല ആശുപത്രികളിലുള്ള സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സേവനം ലഭ്യമാക്കാറുണ്ട്. ഡിസ്ട്രിക് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റ ഭാഗമായി മാസത്തിലൊരിക്കല്‍ അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ഈ സേവനം ലഭ്യമാണ്. എന്നാല്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ മക്കളുമായി എത്തിയാലും വേണ്ടത്ര സമയം കൗണ്‍സലിംഗിന് ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഇത് തുടര്‍ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
- സീമ മോഹന്‍ലാല്‍