തൊടുപുഴ: തുടങ്ങനാട് സെന്റ് തോമസ് എച്ച്എസിന്റെ പരിസരത്ത് ഇപ്പോൾ കൂട്ടത്തോടെ മുഴങ്ങുന്നത് സൈക്കിൾ ബെല്ലുകളാണ്. സൈക്കിൾ പഠിക്കാൻ സ്കൂൾ അധികൃതർതന്നെ അവസരമൊരുക്കി കൊടുത്തതിന്റെ ആവേശത്തിലാണ് വിദ്യാർഥിനികൾ. സുമനസുകളുടെ സഹകരണത്തോടെയാണ് സ്കൂൾ അധികൃതർ സൈക്കിൾ വാങ്ങി നൽകിയത്. പൂ ചോദിച്ചപ്പോൾ പൂന്തോട്ടം ലഭിച്ചതുപോലെയാണ് സൈക്കിൾ കിട്ടിയതെന്ന് ഇവർ ആഹ്ലാദത്തോടെ പറയുന്നു.
15 സൈക്കിളുകൾ
പെണ്‍കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും അവരെ ശക്തീകരിക്കാനുമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ബാലികാ ദിനത്തിൽ സൈക്ലിംഗ് ഫോർ ടീൻ ഗേൾസ് എന്ന പദ്ധതിയുടെ ഭാഗമായാണ് സൈക്ലിംഗ് പരിശീലനം തുടങ്ങുന്നത്.
15 സൈക്കിളുകളാണ് ഇവർക്കു പരിശീലനത്തിനു ലഭ്യമായിട്ടുള്ളത്. ആത്മവിശ്വാസവും അച്ചടക്കവും കരുത്തും കായികക്ഷമതയും കൂട്ടാൻ സൈക്ലിംഗ് സഹായിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ സൈക്കിളുകൾ വാങ്ങിയത്. ഡ്രിൽ പീരിയഡും ക്ലാസിനു ശേഷമുള്ള സമയവും പ്രയോജനപ്പെടുത്തിയാണ് സൈക്ലിംഗ് പരിശീലനം.
പുതുതലമുറയ്ക്കു പുതുവഴികൾ തുറന്നു നൽകിയാൽ സാമൂഹ്യതിന്മകളിൽനിന്നും അലസതയിൽനിന്നും അവരെ പിന്തിരിപ്പിക്കാനും ആത്മവിശ്വാസം പകരാനും സഹായിക്കുമെന്ന വിശ്വാസമാണ് സ്കൂൾ അധികൃതരെ നയിക്കുന്നത്.
തുടർ വർഷങ്ങളിലും സൈക്ലിംഗ് ഫോർ ടീൻ ഗേൾസ് പദ്ധതി തുടരാനാണ് വിദ്യാർഥിനികളുടെയും അധ്യാപകരുടെയും തീരുമാനം.ഹെഡ്മിസ്ട്രസ് ഷാനി ബെന്നി, കായികാധ്യാപിക സോണിയ ജോണി എന്നിവരാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.