കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിനു ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണു കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്.
ഉച്ചയ്ക്കു സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു. അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ഭീഷണിയെ തുടർന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.