തൊടുപുഴ: മലങ്കര ടൂറിസം പദ്ധതി വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മലങ്കര ടൂറിസം ഹബ്ബ് ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനം. മലങ്കര അണക്കെട്ടിൽ സോളാർ ബോട്ടിംഗ് ഉൾപ്പെടെയുളളവ പീപ്പിൾസ് പാർട്ടിസിപ്പേഷൻ പദ്ധതി പ്രകാരം ആരംഭിക്കും. അപേക്ഷ സമർപ്പിച്ചവരിൽനിന്നു തെരഞ്ഞെടുത്ത ഏജൻസി സമർപ്പിച്ച എട്ടുകോടി രൂപയുടെ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി കൈമാറി. അനുമതി ലഭിച്ചാലുടൻ പദ്ധതിക്കു തുടക്കമാകും.
മലന്പുഴ മോഡൽ
ഒരു കിലോമീറ്റർ നീളത്തിലുള്ള മലങ്കര ജലാശയത്തിനു ചുറ്റുമുള്ള ടൂറിസം പദ്ധതിക്കു തറക്കല്ലിടുന്നത് 2010ലാണ്. മലന്പുഴ മോഡൽ മലങ്കരയിൽ എന്നായിരുന്നു പ്രഖ്യാപനം. എൻട്രൻസ് പ്ലാസുടെ അടക്കം നിർമാണം പൂർത്തിയാക്കിയെങ്കിലും ഫയർ എൻഒസി ലഭിക്കാത്തതിനാൽ പ്രവർത്തനസജ്ജമായില്ല. കുട്ടികളുടെ പാർക്ക് മാത്രമായി മലങ്കര ടൂറിസം പദ്ധതി ഒതുങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മാതൃകയിൽ പദ്ധതി പുനർജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.
അഞ്ച് സ്വകാര്യ ഏജൻസികൾ താത്പര്യം അറിയിച്ചു ഡിടിപിസിയെയും ജലസേചന വകുപ്പിനെയും സമീപിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു സംരംഭകനെ തെരഞ്ഞെടുത്ത് എട്ടു കോടിയുടെ പദ്ധതി ഡിടിപിസിയും എംവിഐപിയും അംഗീകരിച്ചത്.
സോളാർ ബോട്ടുകൾ
പദ്ധതിക്കു വേഗത്തിൽ അനുമതി ലഭ്യമാക്കാൻ സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നു പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. ജലസേചന പദ്ധതിയായതിനാൽ ഇന്ധന ബോട്ടുകൾക്ക് അനുമതി നൽകില്ല. പകരം സോളാർ ബോട്ടാകും ഇറക്കുക.
ഇതോടൊപ്പം മ്യൂസിക്കൽ ഫൗണ്ടനും സ്ഥാപിക്കും. എൻട്രൻസ് പ്ലാസയ്ക്കു ഫയർ എൻഒസിയും കെട്ടിടനന്പറും ലഭിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ക്രമീകരണം ചെയ്യാൻ എംവിഐപി, കെട്ടിടം നിർമിച്ച ഹാബിറ്റാറ്റ് എന്നിവയെ ചുമതലപ്പെടുത്തിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മലങ്കര ടൂറിസം പദ്ധതിയുടെ ജനറൽ കൗണ്‍സിൽ ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയാണ്. ജില്ലാ കളക്ടർ വൈസ് ചെയർമാനും എംവിഐപി എക്സിക്യൂട്ടീവ് എൻജിനിയർ കണ്‍വീനറും തൊടുപുഴ തഹസീൽദാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡിടിപിസി സെക്രട്ടറി, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ എന്നിവർ അംഗങ്ങളുമാണ്.