ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് എട്ടുവിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 518 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന വിൻഡീസ് മൂന്നാംദിനം ലഞ്ചിനു പിരിയുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന നിലയിലാണ്.
ഖാരി പിയറി (19), ആന്ഡേഴ്സന് ഫിലിപ് (19) എന്നിവരാണ് ക്രീസിൽ. ഷായ് ഹോപ് (36), തെവിൻ ഇംലാച്ച് (21), ജസ്റ്റിൻ ഗ്രീവ്സ് (17), ജോമൽ വാരികാൻ (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം സന്ദർശകർക്കു നഷ്ടമായത്.
നാലുവിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് തുടരെ നാലുവിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഇതിൽ മൂന്നുവിക്കറ്റും വീഴ്ത്തിയത് കുൽദീപ് യാദവാണ്. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി.
എട്ടിന് 175 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത പിയറി-ആന്ഡേഴ്സൺ കൂട്ടുകെട്ടാണ് 200 കടത്തിയത്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനിയും 102 റണ്‍സ് കൂടി വേണം.
ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവ് 72 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 46 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
വട്ടം കറക്കി കുല്‍ദീപ്; 200 കടന്ന് വിന്‍ഡീസ്, എട്ടുവിക്കറ്റുകൾ നഷ്ടം
