ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ യുപിഐ പണമിടപാടുകൾ പിന്തുടരാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാർഥികളുടെ പ്രവേശന, പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുന്നതിന് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഏർപ്പെടുത്താനാണ് മന്ത്രാലയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്ക് പ്രത്യേക സർക്കുലർ വഴി നിർദേശം നൽകിയിട്ടുള്ളത്.
ഭരണപരമായ പ്രക്രിയകൾ ആധുനികവത്കരിക്കുന്നതിനും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഈ സംരംഭം കൂടുതൽ പ്രയോജനപ്പെടുമെന്നും നിർദേശത്തിൽ പറയുന്നു.എൻസിഇആർടി, സിബിഎസ്ഇ, കെവിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. സ്കൂളുകളിലെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിന് യുപിഐ, മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകള പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിൽ എടുത്തു പറയുന്നു.
സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സുതാര്യവും എളുപ്പമാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ മാതാപിതാക്കൾക്ക് സ്കൂളുകളിൽ പോകാതെ പണമടയ്ക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
മാത്രമല്ല രക്ഷിതാക്കൾക്ക് വളരെയേറെ സമയലാഭവും ഇതുവഴി ലഭിക്കും. ഇത് രക്ഷിതാക്കളിൽ സാമ്പത്തിക സാക്ഷരത വളർത്താനും ഉപകരിക്കുമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. പണമിടപാടുകളിൽ നിന്ന് ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് മാറുന്നത് സ്കൂളുകളുടെ ഭരണ സംവിധാനത്തെയും മെച്ചപ്പെടുത്തും. 2047 ഓടെ ഡിജിറ്റൽ രീതിയിൽ മുന്നേറിയ ഒരു രാഷ്ട്രം എന്ന ‘വീക്ഷിത് ഭാരത്’ ലക്ഷ്യം കൈവരിക്കാൻ മാറ്റം അനിവാര്യമാണെന്നും സർക്കുലറിൽ പറയുന്നു.
എസ്.ആർ. സുധീർ കുമാർ