കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് സ്ഥാപിച്ചെന്ന ഭീഷണി സന്ദേശം ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിക്ക് ലഭിക്കുന്നത്. ഇ മെയിൽ വഴിയായിരുന്നു സന്ദേശം.
വിവരം കോടതി തൃശൂർ കളക്ട്റേറ്റിലും ഇടുക്കി ജില്ല ഭരണകൂടത്തിനെയും അറിയിച്ചു. സന്ദേശം എത്തിയതോടെ അണക്കെട്ടും പരിസരവും കർശന പോലീസ് നിരീക്ഷണത്തിലാക്കി. പോലീസിന്റെ ബോംബ് ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻ പോലീസ് സന്നാഹം അണക്കെട്ടിലെത്തി പരിശോധന നടത്തി.
പ്രധാന അണക്കെട്ട്, ബേബി ഡാം, മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ ഷട്ടർ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അണക്കെട്ടിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനും 30 പോലീസുകാരും ഉള്ളതാണ്.