കോന്നി: ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തെ സ്മരണകളില്‍ നൂറ്റാണ്ടിന്റെ കഥകള്‍ കേട്ടറിഞ്ഞ തേയിലച്ചെടി. മലയാലപ്പുഴ പഞ്ചായത്ത് പരിധിയില്‍ കുമ്പഴ എസ്റ്റേറ്റിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ഓഫീസിന് മുന്നില്‍ നില്ക്കുന്ന തേയിലച്ചെടിക്കാണ് 108 വര്‍ഷത്തെ കഥകളുള്ളത്.
1917-ല്‍ ബ്രിട്ടീഷുകാരായ എസ്റ്റേറ്റ് മാനേജര്‍മാര്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചപ്പോൾ, ഔദ്യോഗികമായ തുടക്കം ചാര്‍ത്തിയത് ഈ തേയിലച്ചെടിയിലൂടെയായിരുന്നുവെന്നാണ് ചരിത്ര രേഖ. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞും തണുപ്പും നിറഞ്ഞ കിഴക്കന്‍ മലഞ്ചെരിവുകളെ തേയില കൃഷിക്ക് അനുയോജ്യമായതാക്കിയ കാലത്ത് ആയിരക്കണക്കിന് ചെടികള്‍ ഇവിടെ നട്ടുപിടിപ്പിച്ചിരുന്നു.
എന്നാല്‍ ഇതില്‍ ഇന്നിപ്പോള്‍ നിലനില്‍ക്കുന്നത് ഈ ഒറ്റ ചെടി മാത്രമാണ്.തേയിലത്തോട്ടം ഇല്ലാതായെങ്കിലും ഓഫീസിനു മുമ്പിലെ ഒരു ചെടി സംരക്ഷിച്ചുവരികയാണ് തോട്ടം കമ്പനി.
കുമ്പഴ മുതല്‍ ലണ്ടന്‍ വരെ
150 വര്‍ഷങ്ങള്‍ക്കു മുമ്പ്, ചെങ്ങന്നൂര്‍ ആസ്ഥാനമായ വഞ്ചിപ്പുഴ മഠത്തിന്റെ ഉടമസ്ഥതയിലായിരുന്ന 1100 ഹെക്ടര്‍ സ്ഥലമാണ് പിന്നീട് ബ്രിട്ടീഷുകാരുടെ കൈവശം എത്തിയത്.കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും മറ്റ് മൂന്നുപേരും ഈ ഭൂമി 30,000 രൂപ പാട്ടത്തിനു വാങ്ങി കൃഷിയാരംഭിച്ചു.
1919 ല്‍ ഇത് വര്‍ഷം 1.30 ലക്ഷം രൂപയ്ക്ക് ലണ്ടന്‍ ആസ്ഥാനമായ റബര്‍ പ്രൊഡ്യൂസിംഗ് കമ്പനിയിലേക്ക് മേല്പാട്ടമായി.1923-ഓടെ ഇവിടത്തെ എല്ലാ ബ്രിട്ടീഷ് ഉടമസ്ഥതകളും ഹാരിസണ്‍ മലയാളം യുകെ ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ ഭാഗമാക്കുകയും ചെയ്തു. ബ്രിട്ടീഷുകാരായ മാനേജര്‍മാരുടെ നേതൃത്വത്തില്‍ തേയില ഉത്പാദനം ഭംഗിയായി നടന്നു.
തേയില റബറിന് വഴിമാറി
ശൈത്യം നിറഞ്ഞ കാലാവസ്ഥയുള്ളതിനാലാണ് തേയിലക്കൃഷിക്ക് കുമ്പഴ എസ്റ്റേറ്റില്‍ അനുകൂല സാഹചര്യമുണ്ടായിരുന്നത്. തണുപ്പ് കുറയുകയും കാലാവസ്ഥാവ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ 1980കളില്‍ കുമ്പഴയിലെ തേയിലക്കൃഷി പൂര്‍ണമായി റബര്‍ കൃഷിയിലേക്ക് വഴിമാറി.ഒരു കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെ ഇവിടെ എത്തി തേയില തോട്ടങ്ങളിൽ പണി ചെയ്തു.
തേയില സംസ്കരണത്തിനു ഫാക്ടറികളുമുണ്ടായി. ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങളിലൂടെയായിരുന്നു സംസ്കരണം. കപ്പല്‍ മാർഗം തേയില ലണ്ടനിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഗുണമേന്മ ഏറിയ തേയിലയാണ് കുമ്പഴയില്‍ ഉത്പാദനം നടത്തിയിരുന്നതെന്ന് പഴമക്കാര്‍ അനുസ്മരിക്കുന്നു.
കുമ്പഴ എസ്റ്റേറ്റിലും പരിസരങ്ങളിലും വിവിധ ദേശങ്ങളില്‍ നിന്നുള്ളവരുടെ താമസസ്ഥലങ്ങളൊരുങ്ങി. തമിഴ് മീഡിയം സ്കൂള്‍ അടക്കം ഇവര്‍ക്കായി ആരംഭിച്ചു. സ്വകാര്യ മേഖലയിലും ഇത്തരം ധാരാളം തേയില കൃഷി തോട്ടങ്ങളും ഫാക്ടറികളും കോന്നിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി തേയിലശേരിയില് ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
ഉട്ടുപ്പാറ, കല്ലേലി ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ ഇന്നും അവയുടെ ശേഷിപ്പുകള്‍ കാണാം. പോയ കാലത്തിന്റെ അവശേഷിപ്പുകളായ ഇത്തരം പച്ചക്കിരണങ്ങള് സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും കുമ്പഴ എസ്റ്റേറ്റിലെ ഏക തേയിലച്ചെടി മാത്രമാണ് ഇന്നും ചരിത്രം ഓര്മപ്പെടുത്തിയുള്ളത്.
- ജഗീഷ് ബാബു