ടെൽ അവീവ്: ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു.
ഗാസയിലുള്ള ഇസ്രേലി സൈന്യത്തിനെതിരേ ഒന്നിലേറെ ആക്രമണങ്ങൾ നടത്തിയ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. അതേസമയം, ഹമാസിനെതിരായ പ്രത്യാക്രമണത്തിനു ശേഷം വെടിനിർത്തൽ വീണ്ടും നടപ്പാക്കാൻ തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു.
ഇന്നലെ തെക്കൻ ഗാസയിലെ റാഫയിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. ഗാസയിലെ സിവിലിയൻ ജനതയെ ആക്രമിക്കാൻ ഹമാസ് പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് ഇസ്രേലി സേന റാഫയിൽ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണ നീക്കം പശ്ചിമേഷ്യാ സമാധാനശ്രമങ്ങൾക്കു തുരങ്കം വയ്ക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്രേലി സേന 47 തവണ വെടിനിർത്തൽ ലംഘിച്ചു നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 143 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ശനിയാഴ്ച ആരോപിച്ചിരുന്നു.അതേസമയം, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്ത ഹമാസിന്റെ നടപടി വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രയേലും ആരോപിച്ചു.
ഇതുവരെ 12 മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ഇനി 16 മൃതദേഹങ്ങൾ കൂടി വിട്ടുകൊടുക്കാനുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ സമയം വേണമെന്നാണ് ഹമാസ് പറയുന്നത്.
ഹമാസിന്റെ നിരായുധീകരണവും വെടിനിർത്തലിനു ഭീഷണിയായേക്കും. ആയുധം ഉപേക്ഷിക്കാൻ തയാറല്ലെന്നാണ് ഹമാസ് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. ഗാസയിൽ ഹമാസിന്റെ ഏഴായിരം പ്രവർത്തകർ കൂടിയുണ്ട്.