കൊല്ലം: ഓട്ടോയ്ക്ക് ഓട്ടമില്ലെങ്കിലും ഉണ്ടെങ്കിലും ഷാജിദ റഹീം ഹാപ്പിയാണ്. ഒരു മിനിറ്റ് പോലും വെറുതെ കളയാതെ തന്റെ ലോകത്തേക്കു അവർ സഞ്ചരിക്കും. പാഴ്വസ്തുക്കളും പേപ്പറുകളും ടിഷ്യൂ പേപ്പറുകൾകൊണ്ട് അവർതന്റെ ലോകം തീർക്കും.
ഇത് ഷാജിദ റഹീം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആയത്തിൽ ഗാന്ധിനഗർ തെക്കേകാവ് ഷാജിദ റഹീമിന് പുഷ്പങ്ങളാണ് ഇഷ്ടം. ടിഷ്യൂ പേപ്പറുകൾകൊണ്ട് ആരും മണത്തുനോക്കാൻ കൊതിക്കുന്ന മുല്ലപ്പൂക്കളുണ്ടാക്കും.
നല്ല കളർ പേപ്പറുകൾകൊണ്ട് വിവിധ വർണത്തിലുള്ള പൂക്കളുടെ ശേഖരം തന്നെ ഉണ്ടാക്കും. മുല്ലപ്പൂക്കളുടെ മാലയുണ്ടാക്കി കൂട്ടുകാർ വാങ്ങികൊണ്ടുപോകാറുണ്ട്. ഇതൊന്നും വിലയ്ക്കു കൊടുക്കില്ല. അവർ അന്പലത്തിലും പള്ളിയിലും പോകുന്പോൾ വാങ്ങാറുണ്ട്. ഒറിജിനലിനെ വെല്ലുന്ന പൂക്കളാണ് ഇവരുടെ കരവിരുതിൽ വിരിയുന്നത്.
ഇതൊന്നും പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പം മുതലുള്ള ശീലമാണ്. കിട്ടുന്ന പേപ്പറുകൾകൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും ഇതെല്ലാം ഉണ്ടാക്കുമായിരുന്നു. തെർമോകോളും പേപ്പറും പശയുമുണ്ടെങ്കിൽ എത്ര പൂക്കൾ വേണമെങ്കിലും വിരിയിക്കാം. ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കുട തന്നെ നൽകാനും ഇവർ തയാറാണ്.
വെളുപ്പിനു തന്നെ വീട്ടിലെ പണിയെല്ലാം കഴിഞ്ഞാണ് ഓട്ടോറിക്ഷയുമായി സ്കൂൾഓട്ടത്തിനിറങ്ങും. 25 കുട്ടികളുടെ ഓട്ടം രാവിലെയും വൈകുന്നേരമുണ്ട്. അതിനിടയിലുള്ള സമയത്താണ് സ്റ്റാൻഡിലെത്തും. റെയിൽവേ സ്റ്റാൻഡിൽ കിടക്കുന്ന സമയത്തു വെറുതെ സമയം കളയില്ല. ഓട്ടോറിക്ഷയിൽ പൂക്കളുണ്ടാക്കാനുള്ള വസ്തുക്കളെല്ലാം റെഡിയാണ്. വെറുതെയിരിക്കുന്പോൾ സമയം കളയാനൊരു അവസരം.
കൂടാതെ ഇതെല്ലാം ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഫിഷർമെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ വി- ഓട്ടോ പദ്ധതിയിൽഅംഗമാണ് ഷാജിദ റഹീം. പദ്ധതിയിൽ ചേർന്ന് ഓട്ടോ ഓടിക്കാൻ പഠിച്ചു. ലൈസൻസും ലോണും കിട്ടിയപ്പോൾ സ്വന്തമായി ഒരുവാഹനം കിട്ടി. ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ഓടിക്കുന്നത്. മാസം ഏകദേശം 25,000 മുതൽ 30,000 രൂപ വരെ കിട്ടും.
ലോൺ അടയ്ക്കാനും കുട്ടികളുടെ കാര്യം നോക്കാനും ഇതെല്ലാം ധാരാളംമതി. മൂന്നു വർഷം കൊണ്ട് ജീവിതം തന്നെ മാറിപ്പോയെന്ന് ഇവർ പറയുന്നു. ജീവിതം തന്നെ മുന്നിൽ ചോദ്യചിഹ്നമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഷാജിദ കടന്നു പോയത്.
കുട്ടികളുടെ കാര്യം നോക്കാൻ പോലും സാധിക്കാത്തഅവസ്ഥയിലാണ് വി-ഓട്ടോ പദ്ധതിയുമായി ഡോൺബോസ്കോ സഭ എത്തുന്നത്. ഒന്നുമില്ലായ്മയിൽനിന്നു തീരദേശമേഖലയിലെ സ്ത്രീകളെ രക്ഷപ്പെടുത്താൻ വേണ്ടി ഡോൺബോസ്കോ സഭ നടപ്പിലാക്കിയ ഫിഷർമെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വി- ഓട്ടോ ഷാജിദയ്ക്ക് കിട്ടിയത്. മക്കൾ സുൽത്താൻ പത്തിലും ജന്നത്ത് ഏഴിലും പഠിക്കുന്നു.
- ജോൺസൺ വേങ്ങത്തടം