തിരുവനന്തപുരം: തമ്പാനൂരില്‍ ബൈക്ക് യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി റോബിന് ജോണി(32) നെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി അരിസ്റ്റോ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോബിന് ഓടിച്ചിരുന്ന കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനും റോബിനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് റോബിന് തന്റെ കാറിനകത്ത് സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ പുറത്തെടുത്ത്്്് ബൈക്ക് യാത്രക്കാരനു നേരെ ചൂണ്ടിയത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിവരം ചോദിച്ചപ്പോള്‍ അവര്‍ക്കുനേരെയും ഇയാള്‍ ഭീഷണി മുഴക്കിയെന്ന് പോലീസ് പറഞ്ഞു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ പോലീസ് പിടിച്ചെടുത്തു. റിവോള്‍വര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ലൈസന്‍സ് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കുകയാണ്. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും.