രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയ ഹെലികോപ്ടറിന്റെ ചക്രം പ്രമാടത്തെ കോണ്‍ക്രീറ്റ് ഹെലിപ്പാഡില്‍ താഴ്ന്നോ ഇല്ലയോ എന്നതു വിവാദമായി നിലനില്‍ക്കേ, ഹെലികോപ്ടര്‍ തള്ളിനീക്കിയതിൽ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍. “തള്ളലിന് കേരളം ഒരിക്കലും പിന്നിലല്ല’എന്ന് തെളിയിച്ചതെന്നതടക്കം ശ്രദ്ധേയവും ഹാസ്യവും നിറഞ്ഞതുമായ ട്രോളുകളുടെ പെരുമഴയാണ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തള്ളലിനെ ന്യായീകരിച്ച് രംഗത്തെത്തിയ ഉദ്യോഗസ്ഥരെയും ട്രോളര്‍മാര്‍ വെറുതെവിട്ടിട്ടില്ല.
ഇന്നലെ രാവിലെ ശബരിമല യാത്രയ്ക്കായി എത്തിയ രാഷ്ട്രപതി പമ്പയിലേക്കു കാറില്‍ പുറപ്പെട്ടതിനു പിന്നലെയാണ് ഹെലികോപ്ടര്‍ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു തള്ളി ഹെലിപ്പാഡിലെ നിശ്ചിത സ്ഥാനത്തേക്കു മാറ്റിയത്. ഈ ചിത്രം വ്യാപകമായി പ്രചരിച്ചത് സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തിലടക്കം ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും വെട്ടിലായി. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പൂര്‍ണചുമതല കേന്ദ്ര സുരക്ഷാ സേനയ്ക്കായിരുന്നുവെന്നും ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു.
ഹെലിപ്പാഡിനു തകരാറില്ലെന്നുറപ്പിക്കാനും ശ്രമമുണ്ടായി. സര്‍ക്കാരിനുവേണ്ടി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും രംഗത്തുവന്നു. തള്ളല്‍ മാധ്യമ സൃഷ്ടിയാണെന്നു തീര്‍ക്കാനായിരുന്നു ആദ്യ ശ്രമം. പിന്നാലെ കോണ്‍ക്രീറ്റ് പൊട്ടിയിട്ടില്ലെന്നും ചക്രം താഴ്ന്നില്ലെന്നും വിശദീകരണം വന്നു. ഹെലികോപ്ടര്‍ ലാന്‍ഡിംഗ് സമയത്ത് അല്പം മാറിപ്പോയതു നേരെയാക്കാനാണ് തള്ളലെന്നും ജില്ലാ കളക്ടറും എസ്പിയും അടക്കം വിശദീകരിച്ചു. എവിടെയായാലും ഹെലികോപ്ടര്‍ ഉയര്‍ന്നല്ലേ പൊങ്ങുന്നതെന്നായി എംഎല്‍എ.
രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടര്‍ ഹെലിപ്പാഡിലെ എച്ച് മാര്‍ക്കില്‍ നിന്നും രണ്ടടി മാറിയാണ് ഇറങ്ങിയതെന്നാണ് പറയുന്നു. ഇതു നിശ്ചിത പോയിന്റിലെത്തിക്കാന്‍ തള്ളിമാറ്റാന്‍ പൈലറ്റ് നിര്‍ദേശിച്ചതായും പറയുന്നു. കോപ്റ്റര്‍ തള്ളിനീക്കാനുള്ള സാഹചര്യം ഇതാണെന്നാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്. കോണ്‍ക്രീറ്റ് തകര്‍ന്നിട്ടില്ലെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ഹെലികോപ്ടര്‍ അതേ സ്ഥലത്തുനിന്നു തന്നെ രാഷ്ട്രപതിയുമായി മടങ്ങിയതെന്നും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു.
ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. എച്ച് മാര്‍ക്കിനേക്കാള്‍ പിന്നിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. എച്ച് ഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്യാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിഡബ്ല്യുഡി സമീപഭാഗങ്ങള്‍ കൂടി കോണ്‍ക്രീറ്റ് ചെയ്തു. ഈ ഭാഗത്തേക്ക് ഹെലികോപ്ടറിന്റെ ഒരു ചക്രം പോയിട്ടുണ്ട്. പുതിയ കോണ്‍ക്രീറ്റ് ആയതിനാല്‍ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി.
മൂന്ന് ഹെലികോപ്റ്ററുകളാണ് ലാന്‍ഡ് ചെയ്തത്. രണ്ടാമത് കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്താണ് രണ്ട് ഹെലികോപ്റ്ററുകള്‍ ഇറക്കിയത്. ഇതിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. എച്ച് എന്ന് അടയാളപ്പെടുത്തിയ ഭാഗത്തേക്ക് ഹെലികോപ്ടര്‍ ചക്രങ്ങള്‍ കൃത്യമായി വരാത്തതിനാലും ലാന്‍ഡ് ചെയ്ത ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാത്തതിനാലും ഈ ഭാഗത്തേക്ക് തള്ളിമാറ്റുകയായിരുന്നുവെന്നാണ് പറയുന്നത്.