സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നല്കുന്നു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കും. നിലവില്‍ 50 വീടുവച്ചു നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയില്‍ വീടുവച്ചു നല്കാന് താത്പര്യമുള്ളവര്‍ക്കു വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കുഞ്ഞുങ്ങൾക്ക് വീട്…
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി. ഇതിൽ സ്വർണം നേടിയവരും മീറ്റ് റിക്കാർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട്വച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകും. ഇത്തരത്തിൽ നിരവധി പേർ ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു വലിയ പദ്ധതിയിലേക്ക് കടക്കുകയാണ്. കേരള സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വച്ച് നൽകുന്ന പദ്ധതിയാണിത്.
നിലവിൽ അമ്പത് വീട്വച്ചു നൽകുക എന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ നല്ലവരായ ജനങ്ങളോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരഭ്യർഥന മുന്നോട്ടു വയ്ക്കുകയാണ്. ഈ പദ്ധതിയിൽ വീട്വച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും. എല്ലാവരും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് അഭ്യർഥിക്കുന്നു.

