സിനിമയില്‍ നല്ല തിരക്കായിരുന്ന കാലത്ത് ചെന്നൈയിലായിരുന്നു അച്ഛന്. വര്‍ഷത്തില്‍ പത്തു ദിവസമായിരിക്കും പലപ്പോഴും വീട്ടിലുണ്ടാകുക. അന്നൊക്കെ അച്ഛന് നാട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കുട്ടികളും മുത്തശിയമ്മയും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തും. കുടുംബകാര്യങ്ങളും വീട്ടിലെ ചുമതലകളും കാരണം അമ്മയ്ക്കു ഞങ്ങള്‍ക്കൊപ്പം എപ്പോഴും പുറപ്പെടാന്‍ കഴിയുമായിരുന്നില്ല.
ഒരു കറുത്ത നക്ഷത്രം പോലെയാണ് അച്ഛന് വരുന്ന ട്രെയിന്‍ പ്രത്യക്ഷപ്പെടുക. ട്രെയിനിന്റെ ഒരു പ്രത്യേകതരം മണവും, ഉച്ചത്തില്‍ ചൂളം വിളിച്ചു വരുംനേരം ഉള്ളിലുയരുന്ന അത്യാഹ്ലാദത്തിന്റെ തുടികൊട്ടും ഇന്നും മറന്നിട്ടില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അച്ഛന് ഓടിവന്ന് മുത്തശിയമ്മയെ കെട്ടിപ്പിടിക്കും. ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തണച്ച് പൊന്നുമ്മ നല്‍കും. അച്ഛന് വരുമ്പോള്‍ ഞങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്.
അച്ഛനെ കാണാന്‍ അന്ന് സ്റ്റേഷനില്‍ എത്തുന്നവരോടൊക്കെ കുശലം പറഞ്ഞ ശേഷം കാറില്‍ വയലാറിലെ ഞങ്ങളുടെ തറവാടായ രാഘവപറമ്പിലേക്കു പുറപ്പെടും. പോകുന്ന വഴി വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ കയറി ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം അച്ഛന് വാങ്ങിത്തരുന്നതും ഓര്‍മിക്കുന്നു. വഴിയിലൂടെ അക്കാലത്ത് സൈക്കിളില്‍ പച്ചപ്പുല്ല് വച്ച്കെട്ടി ചെറിയ കച്ചവടക്കാര്‍ പോകുന്നുണ്ടാകും.
അച്ഛന് ഉടനെ കാര്‍ നിര്‍ത്തി വീട്ടിലെ പശുക്കള്‍ക്ക് പുല്ല് വാങ്ങി കാറിന്റെ ഡിക്കിയില്‍ നിറയ്ക്കും. എല്ലാവരെയും അതിരറ്റ് സ്നേഹിച്ച അച്ഛന് സമസ്ത ജീവജാലങ്ങളോടും വലിയ സ്നേഹവും കാരുണ്യവുമായിരുന്നു. വീട്ടിലെ പൊമറേനിയന്‍ നായ്ക്കളായ സാലിയും നീലിയും അച്ഛന് പ്രിയപ്പെട്ടവരായിരുന്നു.
അച്ഛന് വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം പോലെ ഉത്സവനാളുകളാണ്. ചേട്ടന് (വയലാര്‍ ശരത്ചന്ദ്ര വര്‍മ) അന്ന് സ്കൂള്‍ ബോര്‍ഡിംഗിലാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ചേട്ടനെ കാണാനായി സ്കൂളില്‍ പോകുന്നതും സന്തോഷകരമായ ഓർമയാണ്.
അച്ഛൻ ഉള്ളപ്പോൾ വീട്ടില്‍ എപ്പോഴും സന്ദര്‍ശകരാണ്. പ്രമുഖരായ സാഹിത്യകാരന്മാരും സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും സാധാരണ തൊഴിലാളികളും ഇവരിൽ ഉൾപ്പെടും. അച്ഛനു പക്ഷേ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരെയും ഒരു പോലെ സത്കരിക്കും. വീട്ടിലെത്തുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതും നിലത്ത് ഒന്നിച്ചിരുന്നുണ്ണുന്നതും പതിവായിരുന്നു.
ഞങ്ങള്‍ നാലു മക്കളോട് പറഞ്ഞറിയിക്കാനാവാത്ത സ്നേഹവാത്സല്യമായിരുന്നു അച്ഛന്. അന്നു തീരെ ചെറിയ കുട്ടികളായിരുന്ന യമുനയോടും സിന്ധുവിനോടും വാത്സല്യവും കരുതലും ഏറും. അച്ഛന്റെ സ്നേഹം തിരിച്ചറിയാനുള്ള പ്രായം പക്ഷേ ചേട്ടനും എനിക്കുമായിരുന്നു എന്നു തോന്നാറുണ്ട്.
അതുകൊണ്ടാവും അച്ഛനുമായി കൂടുതല്‍ സംസാരിക്കാനും അടുപ്പം സൂക്ഷിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തും അച്ഛന് എന്നെ എടുത്തുകൊണ്ടു നടന്നിരുന്നു എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ.
അച്ഛനില്ലാത്ത ഒരു ജീവിതം എനിക്കു സങ്കല്പിക്കുവാനേ കഴിയുമായിരുന്നില്ല. എങ്കിലും തുലാവര്‍ഷം ഞങ്ങളുടെ അച്ഛനെ എങ്ങോട്ടോ കൊണ്ടുപോയി. അച്ഛന്റെ വിയോഗവാര്‍ത്ത ആകാശവാണിയിലൂടെ കേട്ടത് ഇപ്പോഴും ഓര്‍മിക്കുന്നു. അച്ഛന് മരിച്ചുവോ? അന്നത്തെ ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടല്‍ ഇന്നും നെഞ്ചിനുള്ളില്‍ ഒരു മിന്നല്‍പ്പിണരായി പുളയുന്നുണ്ട്.
ചേട്ടന് അന്ന് പ്രീഡിഗ്രി വിദ്യാര്‍ഥിയാണ്. അച്ഛന് എന്ന നെടുംതൂണില്‍ ചാരി ജീവിച്ച മുത്തശിയമ്മ, അമ്മ. ജീവിതം എന്തെന്നറിയാത്ത യമുനയും സിന്ധുവും. അച്ഛന്റെ സ്ഥാനത്ത് നിന്നു ഞങ്ങളെ ചേര്‍ത്തുപിടിച്ചു പിന്നീട് മുന്നോട്ടു കൊണ്ടുപോയത് ചേട്ടനാണ്.
ആ പ്രായത്തില്‍ ചേട്ടനെങ്ങനെ ഒരു കുടുംബത്തിന്റെ സ്നേഹത്തണലാകാന് സാധിച്ചു എന്നത് ഇന്നും എന്നെ അദ്ഭുതപ്പെടാറുണ്ട്. അച്ഛന് നല്കിയ ഒരു ശക്തിയാണ്, അനുഗ്രഹമാണ് അതിനു പിന്നിലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പിന്നീടു ചേട്ടന്റെ സഹധര്‍മിണിയായി വന്ന ചേട്ടത്തിയമ്മ ശ്രീലതയും (ഞങ്ങളുടെ ശ്രീജ) ഞങ്ങളെ ഒന്നിച്ച് അണച്ചു നിര്‍ത്തി.
കേരളം ഒന്നാകെ വയലാറിന്റെ കുടുംബത്തോടു കാണിച്ച സ്നേഹവും നിറഞ്ഞ ഹൃദയത്തോടെ വീണ്ടും ഓര്‍മിക്കുന്നു. അച്ഛനെ മലയാളത്തിന്റെ വയലാര്‍ ആക്കുന്നതില്‍ ഞങ്ങളുടെ അമ്മയ്ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കാറുണ്ട്. അമ്മ നല്കിയ സ്നേഹവും സ്വാതന്ത്ര്യവും വിലമതിക്കാനാകാത്തതാണ്.
ഇന്നും അച്ഛനെ സ്നേഹിക്കുന്ന, അച്ഛന്റെ പാട്ടുകളെ നെഞ്ചേറ്റുന്ന ആയിരമായിരം ആരാധകരുണ്ട്. അച്ഛന് മരിക്കുന്നില്ല എന്ന തോന്നല്‍ ഈ സ്നേഹവും ഞങ്ങള്‍ക്കു പകര്‍ന്നു നല്‍കുന്നുണ്ട്. അച്ഛന് ആരാധിക്കപ്പെടുമ്പോള്‍ മാത്രമല്ല, വിമര്‍ശിക്കപ്പെടുമ്പോഴും അച്ഛന്റെ സാന്നിധ്യമാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. എല്ലാ ഒക്ടോബര്‍ 27നും ഞങ്ങളുടെ വീട്ടിലെത്തുന്ന അനേകം പേരുണ്ട്. അവരുടെ കണ്ണുകളില്‍, മനസില്‍ ഞങ്ങളുടെ അച്ഛന് ജീവിക്കുന്നത് ഞങ്ങളറിയുന്നു…
എസ്. മഞ്ജുളാ ദേവി

