കൊച്ചി: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയും നിരന്തരം നിരീക്ഷിക്കുകയും നിര്‍ബന്ധിച്ചു ജോലി രാജിവയ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ നടപടി വിവാഹമോചനത്തിനു കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ.
സംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യംചെയ്യല്‍ പങ്കാളിയുടെ മനഃസമാധാനവും സ്വാഭിമാനവും തകര്‍ക്കുമെന്നും കോടതി പറഞ്ഞു. ഇതു വിവാഹമോചന നിയമത്തില്‍ നിര്‍വചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
നഴ്സായിരുന്ന ഹര്‍ജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവുകളില്ലെന്ന കാരണത്താലാണ് കുടുംബക്കോടതി വിവാഹമോചനം നിരസിച്ചത്. എന്നാല്‍, വാദങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് വിലയിരുത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. 2013ല്‍ വിവാഹം നടന്നു. ഗര്‍ഭിണിയായ സമയം മുതല്‍ സംശയവും നിരീക്ഷണവുമുണ്ടായി.
യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മകള്‍ പിറന്നശേഷം യുവതിയുടെ ജോലി രാജിവയ്പിച്ചു. വിദേശത്ത് ഒരുമിച്ചു താമസിക്കാനെന്ന കാരണമാണു പറഞ്ഞിരുന്നത്. എന്നാല്‍ ഒരുമിച്ചു താമസിക്കുമ്പോഴും ഭര്‍ത്താവിന് സംശയമായിരുന്നെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.

