ഹ്രസ്വദൂരം ഇരട്ട എൻജിൻ പാസഞ്ചർ എയർക്രാഫ്റ്റ് എസ്ജെ-100 നിർമിക്കാനുള്ള സഹകരണത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും തമ്മിലുള്ള ധാരണാപത്രം മോസ്കോയിൽ തിങ്കളാഴ്ച ഒപ്പിട്ടു. ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.
ഇതോടെ ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മിക്കുന്നതിന് വഴിയൊരുങ്ങി. ഉഡാൻ പദ്ധതിക്കു കീഴിലാണ്, ഹ്രസ്വദൂര യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനുതകുന്ന കരാറെന്നും ആഭ്യന്തര ഉപയോക്താക്കൾക്കായി എസ്ജെ-100 എയർക്രാഫ്റ്റുകൾ നിർമിക്കാനുള്ള അവകാശം തങ്ങൾക്കായിരിക്കുമെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് അറിയിച്ചു.
സിവിൽ ഏവിയേഷൻ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കാൽവയ്പാണിതെന്നും കന്പനി കൂട്ടിച്ചേർത്തു. ഇത്തരമൊരുംപദ്ധതി ഇതിനുമുൻപ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഏറ്റെടുത്തത് 1961നും 1988നും ഇടയിലായിരുന്നു. ഇന്ത്യൻ വ്യോമ സേന ഉപയോഗിച്ചിരുന്ന AVRO HS-748 ആയിരുന്നു അന്ന് നിർമിച്ചിരുന്നത്.
യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, എസ്ജെ-100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 3,530 കിലോമീറ്റര്‍ ദൂരംവരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള എല്ലാ കാലാവസ്ഥാ മേഖലകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ് വിമാനത്തിന്റെ സവിശേഷതകള്‍.

