ഇസ്ലാമബാദ്: പാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. നാലു ദിവസത്തോളം ഇസ്താംബൂളിൽ നടന്ന സമാധനചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്ന താലിബാനെതിരേ നടപടിയെടുക്കണമെന്നതായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. സഹോദര രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് സമാധാനത്തിനുള്ള അവസരമുണ്ടോയെന്നു പരിശോധിച്ചത്. പക്ഷേ, അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വിഷലിപ്തമായ പ്രസ്താവനകൾ അവരുടെ മനസിലിരുപ്പ് വെളിവാക്കി-ആസിഫ് പറഞ്ഞു.
താലിബാനെ ഗുഹയിലേക്ക് ഓടിക്കാൻ പാക്കിസ്ഥാന്റെ ഇപ്പോഴുള്ള ആയുധബലത്തിന്റെ ചെറിയൊരംശം പോലും വേണ്ടിവരില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, പാക്-അഫ്ഗാൻ ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കട്ടെയെന്ന് ആശിക്കുന്നതായി യുഎൻ വക്താവ് സ്തെഫാൻ ഡുജാറിക് മാധ്യമങ്ങളോടു പ്രതികരിച്ചു.

