ചാത്തന്നൂർ: രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്ത് വിരമിച്ചവരെയാണ് പുതിയ ദൗത്യം ഏല്പിക്കുന്നത്.
എഡിജിപി (ഇന്റലിജന്റ്സ്) യുടെ നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരാൾ വീതമുണ്ടാകും. ഇവരുടെ ഫയൽ എസ്എച്ച്ഒമാർ കൈകാര്യം ചെയ്യണം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസിപി/ഡിവൈഎസ്പി മാർക്കാണ് ഇവർ റിപ്പോർട്ട് നല്കേണ്ടത്.
നിലവിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഓരോ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, ജില്ലാ സ്പെഷൽ ബ്രാഞ്ച് എന്നിവയിൽ നിന്നുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിന് പുറമേയാണ് ഇപ്പോൾ ഇത്തരം നിയമനവും. ഇവർക്ക് ശമ്പളമില്ല. ഓണറേറിയമായി തുക നല്കും. പോലീസ് വെൽഫെയർ ഫണ്ടിൽ നിന്നാണ് ഇവർക്ക് ഓണറേറിയം നല്കുന്നത്. പോലീസ് സേനയെ സഹായിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്.
ക്രമസമാധാന വിഷയങ്ങൾ രാഷ്ട്രീയ സംഘട്ടന സാധ്യതകൾ, ക്രിമിനൽസിനെക്കുറിച്ചുള്ള വിവരങ്ങൾ, വർഗീയ സംഘർഷ സാധ്യതകൾ, തീവ്രവാദ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ, ഒളിവിൽ കഴിയുന്ന കുറ്റവാളികൾ പുറത്തിറങ്ങിയാൽ ആ വിവരങ്ങൾ തുടങ്ങി ക്രമസമാധാന ലംഘനങ്ങൾക്കും എല്ലാ സാധ്യതകളും മുൻകൂട്ടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യുകയാണ് ഇവരുടെ ദൗത്യം.
- പ്രദീപ് ചാത്തന്നൂർ

